ഇനി കൂടുതല്‍ വിദേശികള്‍ ഒഴുകിയെത്തും, അടിമുടി മാറാന്‍ കേരളത്തിലെ ഈ ബീച്ച്
തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരികളെത്തുന്ന കോവളം ബീച്ചിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള പദ്ധതി ടെന്‍ഡര്‍ ചെയ്യാനൊരുങ്ങി ടൂറിസം വകുപ്പ്. 93 കോടിയാണ് രണ്ടുഘട്ടമായുള്ള പദ്ധതിക്ക് ചെലവ് കണക്കാക്കിയിരിക്കുന്നത്. ആദ്യഘട്ട വികസനത്തിന്റെ ടെന്‍ഡര്‍ ഈയാഴ്ചയോടെ പുറത്തിറക്കാനാണ് തീരുമാനം. നേരത്തെ ടെന്‍ഡറില്‍ വിവിധ കമ്പനികള്‍ പങ്കെടുത്തിരുന്നെങ്കിലും 15 വര്‍ഷത്തെ പരിപാലനച്ചുമതല എന്ന വ്യവസ്ഥ അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ് പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് റീടെന്‍ഡര്‍ ചെയ്യാന്‍ തീരുമാനിച്ചത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ് റീടെന്‍ഡര്‍ വൈകിയതെന്ന് ടൂറിസം വൃത്തങ്ങള്‍ സൂചിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ വാപ്കോസ് ലിമിറ്റഡിനാണ് പദ്ധതിച്ചുമതല. ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ 60 ദിവസത്തെ സമയം അനുവദിക്കും.
നവീകരണം ഇങ്ങനെ
43.54 കോടിയാണ് ആദ്യഘട്ടത്തില്‍ ചെലവിടുക.കോവളത്തെ ഹവ്വാ ബീച്ച്,ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളില്‍ അടിസ്ഥാന സൗകര്യമൊരുക്കല്‍, സൈലന്റ് വാലി സണ്‍ബാത്ത് പാര്‍ക്ക് നവീകരണം, അടിമലത്തുറ ബീച്ചുമായുള്ള അതിര്‍ത്തി നിര്‍ണയിക്കല്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍. 18 മാസംകൊണ്ട് ഒന്നാംഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. വികസനപദ്ധതിയിലൂടെ കോവളം ബീച്ചിന് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാനും ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നുണ്ട്.
രണ്ടുഘട്ടങ്ങളായി കോവളവും അനുബന്ധ ബീച്ചുകളും വികസിപ്പിക്കാനുള്ള പദ്ധതിക്ക് ഫെബ്രുവരിയിലാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്.കോവളത്തേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് ടൂറിസം വകുപ്പ് കണക്കുകൂട്ടുന്നത്. നിലവില്‍ കോവളം പരാധീനതകളുടെ നടുവില്‍ ഉഴലുകയാണ്. ബീച്ചിന്റെ നടപ്പാതകളടക്കം തകര്‍ന്നു, തെരുവുവിളക്കുകളും കത്തുന്നില്ല. തെരുവുനായ ശല്യവും രൂക്ഷമാണ്. സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത സ്ഥിതിയാണ്.
വരും ഇതൊക്കെ
വാക്ക്വേകള്‍
ക്‌ളോക്ക് റൂം
ടോയ്ലെറ്റ് സൗകര്യങ്ങള്‍
ഡയഫ്രം വാള്‍
ജലസാഹസിക കായിക വിനോദങ്ങള്‍
ഗേറ്റ്വേ
പാര്‍ക്കിംഗ് കേന്ദ്രങ്ങളുടെ നവീകരണം