2000 രൂപ വരെ കൈയിലെത്തും,​ കുലയല്ല വാഴക്കൃഷിയിലെ യഥാർത്ഥ താരം ഇപ്പോൾ ഇവയാണ്

Thursday 20 June 2024 12:32 AM IST

മുഹമ്മ: വാഴ നടുന്നത് കുല വെട്ടാനാണ്. എന്നാൽ, എസ്.എൻ.ഡി.പി യോഗം 527-ാം നമ്പർ

മുഹമ്മ കായിപ്പുറം വടക്ക് ശാഖയിലെ പ്രവർത്തകർ വാഴക്കൃഷി ചെയ്യുന്നത് പ്രധാനമായും ഇല വെട്ടാനാണ്. വാഴയില വിറ്രാൽ തന്നെ മുതലും ലാഭവും കൈയിലിരിക്കും. വാഴക്കുലയും

പിണ്ടിയും വിറ്റുകിട്ടുന്ന കാശ് മിച്ചം. ഇതാണ് ഇവരുടെ സാമ്പത്തിക ശാസ്ത്രം. മൂന്ന് മാസം മുമ്പാണ് ശാഖയുടെ 30 സെന്റ് വസ്‌തുവിൽ തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന 120ഓളം വാഴവിത്തുകൾ നട്ടത്. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് ഭൂമി പാകപ്പെടുത്തിയത്.

കെ.ജി.കനകനും പുഷ്പയ്ക്കുമാണ് കൃഷിയുടെ മേൽനോട്ടം. എന്നും നന്നായി നനച്ചുകൊടുത്തു. കോഴിവളവും ചാണകവും പച്ചക്കറി വേസ്റ്റും ഇട്ടുകൊടുത്തതോടെ വാഴകൾ തഴച്ചുവളർന്നു.

പൂജവെളിയിലെ പൂപ്പിള്ളി ചാക്കോയിൽ നിന്നുമാണ് വാഴക്കൃഷിയുടെ ലാഭകരമായ വശം ഇവർ മനസിലാക്കിയത്. വാഴക്കൃഷി,​ കുലയ്ക്ക് എന്നതിനപ്പുറം ഇല,​പിണ്ടി,​ പൂവ് എന്നിവയുടെ വിൽപ്പനയിലൂടെ ലാഭകരമാക്കാമെന്ന് അവർ കണ്ടെത്തി. ഇലയ്ക്ക് ആവശ്യക്കാർ ഏറെയുള്ളതുകൊണ്ട് വാഴക്കൃഷി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ഇവർ. ഇനിയും കൂടുതൽ പദ്ധതികളെക്കുറിച്ച് ആലോചിക്കുന്നതായും ശാഖാ സെക്രട്ടറി സി.കെ.മോഹനചന്ദ്രനും പ്രസിഡന്റ് കെ.പി.ബാബുവും പറയുന്നു. ഫോൺ​ : 8921820424.

വാഴയിൽ കളയാനില്ല !

ഒരുവാഴയിൽ നിന്ന് രണ്ടാഴ്ച കൂടുമ്പോൾ നാല് തൂശനില കിട്ടും. ഒരിലയ്ക്ക് നാലുമുതൽ അഞ്ച് രൂപ വരെ ലഭിക്കും. രണ്ടാഴ്ച കൂടുമ്പോൾ 1600മുതൽ 2000രൂപ വരെ ഇതുവഴി കൈയിൽ വരും.

തൂശനില മാത്രം മുറിക്കുന്നതുകൊണ്ട് വാഴയുടെ വളർച്ചയെ ബാധിക്കില്ല. പത്തനംതിട്ടയിലെ മല്ലപ്പള്ളി, ചേർത്തലയിലെ പൊന്നാംവെളി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇലയുടെ ആവശ്യക്കാർ കൂടുതലായി എത്തുന്നത്. കൂടാതെ പിണ്ടി,​ പൂവ് എന്നിവയ്ക്കും നല്ല ഡിമാൻഡാണ്.

പിണ്ടി അച്ചാറാക്കി വിറ്റാൽ അധിക ലാഭം നേടാൻ കഴിയുമെന്നും അടുത്തിടെ അവർ തിരിച്ചറിഞ്ഞു. വാഴത്തട പശുക്കൾക്ക് തീറ്റയാക്കാനും കഴിയും. ഓണക്കാലം ലക്ഷ്യമിട്ട് വാഴയുടെ ഇടവിളയായി വെള്ളരിയും മത്തനും കൃഷിചെയ്യാനും ശാഖയ്ക്ക് ആലോചനയുണ്ട്.

നല്ല ഇല ലഭിക്കാത്തതുകൊണ്ട് പലരും സദ്യയ്ക്ക് പേപ്പർ ഇലയാണ് ഉപയോഗിക്കുന്നത്. അനാരോഗ്യകരമായ ഈ പ്രവണത വാഴകൃഷിയിലൂടെ ഇല്ലാതാക്കാൻ കഴിയും. പ്ളാസ്റ്റിക്കിനെതിരെയുള്ള ബോധവൽക്കരണം കൂടിയാണ് ഈ ഉദ്യമം

Advertisement
Advertisement