പ്രദീപ് പുത്തൂരിന് അമേരിക്കൻ പുരസ്കാരം

Thursday 20 June 2024 2:21 AM IST
pradeep puthoor

തിരുവനന്തപുരം: ന്യൂയോർക്ക് ആസ്ഥാനമായുള്ള അഡോൾഫ് എസ്തർ ഫൗണ്ടേഷന്റെ ചിത്രകലാ പുരസ്കാരം മലയാളിയായ പ്രദീപ് പുത്തൂരിന്. ചിത്രകലാ രംഗത്ത് 25 വർഷത്തെ മികവ് പരിഗണിച്ചാണ് പുരസ്കാരം. അമേരിക്കൻ അബ്സ്ട്രാക്റ്റ് എക്സ്പ്രഷനിസ്റ്റ് പെയിന്റർ അഡോൾഫ് ഗോറ്റ്ലീബിന്റെ പേരിലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. 25,000 യു.എസ് ഡോളറാണ് (20.5 ലക്ഷം രൂപ) സമ്മാനത്തുക. ഈ പുരസ്കാരം 2021ലും പ്രദീപിന് ലഭിച്ചിരുന്നു.

തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയാണ്. തിരുവനന്തപുരം കോളേജ് ഒഫ് ഫൈൻ ആർട്സിൽ നിന്ന് പരസ്യകലയിൽ റാങ്കോടെ പാസായ ഇദ്ദേഹം,​ഈ കോളേജിൽ അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചു. ന്യൂയോർക്കിൽ നിന്നുള്ള ജാക്സൺ പൊള്ളോക്ക് ഫെലോഷിപ്പ്,ലണ്ടനിൽ നിന്നുള്ള ബ്രിട്ടീഷ് റോയൽ ഓവർസീസ് ലീഗ് അവാർഡ്,ലളിതകലാ അക്കാഡമി ദേശീയ അവാർഡ്,ഇറ്റലി ഫ്ളോറൻസ് ബിനാലെ അവാർഡ്,ജ‌ർമ്മൻ റെഡിഡൻസി പ്രോഗ്രാം സ്കോളർഷിപ്പും കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ,ജൂനിയർ ഫെലോഷിപ്പുകളും പ്രദീപിന് ലഭിച്ചിട്ടുണ്ട്.