മുന്നണി മാറ്റം വേണമെന്ന് ആവശ്യം എൽ.ഡി.എഫിനെതിരെ സി.പി.ഐ ജില്ലാ കൗൺസിൽ

Thursday 20 June 2024 2:26 AM IST

ഇടുക്കി: എൽ.ഡി.എഫിൽ നിന്നതുകൊണ്ട് ഗുണമില്ലെന്നും മുന്നണി മാറ്റം വേണമെന്നും സി.പി.ഐ ഇടുക്കി ജില്ല കൗൺസിലിൽ അഭിപ്രായമുയർന്നു. ലോക്സഭ തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന ജില്ല കൗൺസിൽ യോഗത്തിലാണ് അംഗങ്ങളിൽ ചിലർ എൽ.ഡി.എഫ് വിടണമെന്ന് ആവശ്യപ്പെട്ടത്. അടുത്തിടെ മുന്നണിയിലെത്തിയ കേരള കോൺഗ്രസ് എമ്മിനാണ് വർഷങ്ങളായി എൽ.ഡി.എഫിൽ അടിയുറച്ച് നിൽക്കുന്ന സി.പി.ഐയെക്കാൾ പരിഗണന നൽകുന്നത്.

കേരള കോൺഗ്രസ് (എം)​ എൽ.ഡി.എഫിൽ വന്നതുകൊണ്ട് ഇതുവരെ യാതൊരു ഗുണമുണ്ടായിട്ടില്ല. പാലാ ഉപതിരഞ്ഞെടുപ്പിൽപോലും അവർ തോറ്റു. എന്നിട്ടും സി.പി.എം കേരള കോൺഗ്രസ്(എം)ന്​ അമിത പ്രാധാന്യം നൽകുകയാണെന്ന് ചില അംഗങ്ങൾ പറഞ്ഞു. സി.പി.ഐ മന്ത്രിമാർക്കെതിരെയും യോഗത്തിൽ വിമർശനമുയർന്നു. സി.പി.ഐയുടെ നാലു മന്ത്രിമാരും തികഞ്ഞ പരാജയമാണെന്ന് തെളിഞ്ഞു. തങ്ങളുടെ വകുപ്പിന് ആവശ്യമുള്ള പണം പോലും ധനവകുപ്പിൽ നിന്ന് വാങ്ങിച്ചെടുക്കാൻ മന്ത്രിമാർക്ക് കഴിയുന്നില്ല. സപ്ലൈകോ നോക്കുകുത്തിയായി മാറിയതിന് കാരണമിതാണ്.

രാജ്യസഭ സീറ്റ് തെറ്റ്

ഒഴിവുവന്ന രാജ്യസഭ സീറ്റ് പി.പി. സുനീറിന് നൽകിയത് തെറ്റായ തീരുമാനമാണെന്നും രാഹുൽ ഗാന്ധിയോട് മത്സരിച്ച് പരാജയപ്പെട്ട ആനി രാജയെ അതിന് പരിഗണിക്കണമായിരുന്നെന്നും ചില ജില്ല കൗൺസിൽ അംഗങ്ങൾ പറഞ്ഞു. ഇടുക്കിയിൽ എൽ.ഡി.എഫ് പരാജയപ്പെടാൻ കാരണം പരിഹരിക്കപ്പെടാത്ത ഭൂപ്രശ്നങ്ങളാണെന്നും കൗൺസിൽ വിലയിരുത്തി. എന്നാൽ,​ കൗൺസിലിൽ ഉയർന്ന അഭിപ്രായങ്ങളെ സംബന്ധിച്ച വാർത്ത അടിസ്ഥാനരഹിതമാണെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ. സലിംകുമാർ പറഞ്ഞു.

Advertisement
Advertisement