രണ്ടാംകൃഷിയുടെ നെല്ലുവില ഇനിയും കി‌ട്ടാതെ കർഷകർ # പുഞ്ചകൃഷിക്ക് വലയുന്നു

Thursday 20 June 2024 2:43 AM IST

ആലപ്പുഴ:പുഞ്ചകൃഷിയുടെ വിത തുടങ്ങിയിട്ടും രണ്ടാംകൃഷിയിലെ നെല്ലിന്റെ വില ലഭിക്കാതെ നെൽക്കർഷകർ ദുരിതത്തിൽ. സംസ്ഥാനത്താകെ 500കോടിയോളം രൂപയാണ് ലഭിക്കാനുള്ളത്. പുഞ്ചകൃഷിയുടെ വിതയ്ക്കും വളപ്രയോഗത്തിനുമുൾപ്പെടെ പണമില്ലാതെ വലയുകയാണ് കർഷകർ.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞദിവസം പാലക്കാട് പുതുശേരി സ്വദേശി രാധാകൃഷ്ണൻ ആത്മഹത്യചെയ്തിരുന്നു. എന്നിട്ടും നെല്ലിന്റെ വില നൽകാൻ സർക്കാർ താല്പര്യം കാട്ടുന്നില്ല. കൊടും വേനലും ഉഷ്ണ തരംഗവും കാരണം വിളവ് മോശമായിരുന്നു. കൃഷി നാശത്തിനുള്ള നഷ്ടപരിഹാരമോ ഇൻഷ്വറൻസ് സഹായമോ നൽകിയതുമില്ല. കുട്ടനാട് രണ്ടാംകൃഷി നടത്തിയ 31,​519 കർഷകരിൽ 25,​170 പേർക്ക് നെൽവില നൽകാനുള്ള പാഡി റെസീപ്റ്റ് ഷീറ്റാണ് (പി.ആർ.എസ്) സപ്ളൈകോ ബാങ്കുകൾക്ക് കൈമാറിയത്. ഇതിൽ 8824 കർഷകർക്കായി 76.15 കോടി രൂപ മാത്രമാണ് ആലപ്പുഴയിൽ വിതരണം ചെയ്തത്.6349 കർഷകർക്കാണ് നെല്ല് കൈമാറിയ പണം കിട്ടാനുള്ളത്.

വായ്പാപരിധി

കഴിഞ്ഞെന്ന് ബാങ്കുകൾ

 സംഭരിച്ച നെല്ലിന്റെ വില പി.ആർ.എസ് വാങ്ങി വായ്പയായാണ് ബാങ്കുകൾ കർഷകർക്ക് നൽകുന്നത്. കർഷകർക്കായി നീക്കിവച്ച തുക മുഴുവൻ വായ്പയായി നൽകിയെന്നാണ് എസ്.ബി.ഐയും കാനറ ബാങ്കും പറയുന്നത്.

വിതരണം ചെയ്ത തുക സപ്ളൈകോ ബാങ്കുകൾക്ക് തിരിച്ചു നൽകുകയോ, വായ്പാപരിധി ഉയർത്തുകയോ ചെയ്താലേ ശേഷിക്കുന്ന കർഷകർക്ക് പണം ലഭ്യമാകുകയുള്ളൂ

കുട്ടനാട്ടിൽ മാത്രം

304 കോടി കിട്ടണം

(ജൂൺ 14 വരെയുള്ള കണക്ക്)

1,​223.742 ക്വിന്റൽ:

കൈമാറ്റം ചെയ്ത നെല്ല്

346.56 കോടി:

നെല്ലിന്റെ വില

31,​519:

നെല്ല് കൈമാറിയ

കർഷകർ

........................................

കാനറ ബാങ്ക് നൽകേണ്ടത്

12,​360 കർഷകർക്ക് -160.93 കോടി

എസ്.ബി.ഐ നൽകേണ്ടത്

12,​810 കർഷകർക്ക് -144.7 കോടി

സർക്കാരിന്റെയും ബാങ്കുകളുടെയും കെടുകാര്യസ്ഥതയാണ് കർഷകനെ കണ്ണീരിലാക്കുന്ന ദുരവസ്ഥയ്ക്ക് കാരണം. കേന്ദ്ര സർക്കാർ ഇടപെട്ട് ഇതിന് ശാശ്വത പരിഹാരം കാണണം

- സോണിച്ചൻ പുളിങ്കുന്ന് ,​ നെൽക‌ർഷക സംരക്ഷണ സമിതി

Advertisement
Advertisement