എൻ.ജി.ഒ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് ഒരുങ്ങി

Thursday 20 June 2024 2:44 AM IST

പൊതുസമ്മേളനം 22ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: കേരള എൻ.ജി.ഒ യൂണിയൻ 61ാം സംസ്ഥാന സമ്മേളനം 22,23,24 തീയതികളിൽ കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും. 22ന് വെെകിട്ട് നാലിന് കോഴിക്കോട് ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ,രാമചന്ദ്രൻ കടന്നപ്പള്ളി,അഡ്വ. പി.എ.മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുക്കും. 302 വനിതകൾ ഉൾപ്പെടെ 931 പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രസിഡന്റ് എം.വി ശശിധരൻ,ജനറൽ സെക്രട്ടറി എം.എ.അജിത്ത് കുമാർ എന്നിവർ അറിയിച്ചു. 22ന് 20,​000 ജീവനക്കാർ പങ്കെടുക്കുന്ന പ്രകടനം വെെകിട്ട് 3.30ന് ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് ബീച്ചിൽ സമാപിക്കും. 23ന് നടക്കുന്ന പ്രതിനിധി സമ്മേളനം രാവിലെ ഒമ്പതിന് മാദ്ധ്യമപ്രവർത്തകനും ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർക്കായസ്ത ഉദ്ഘാടനം ചെയ്യും. 'ഫെഡറലിസം തകർത്ത് കേന്ദ്രസർക്കാർ പ്രതിരോധം തീർത്ത് കേരളം' വിഷയത്തിൽ ധനമന്ത്രി കെ.എൻ .ബാലഗോപാൽ പ്രഭാഷണം നടത്തും. 'നവ കേരളവും സിവിൽ സർവീസിന്റെ നവീകരണവും' വിഷയത്തിൽ നടക്കുന്ന സെമിനാർ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. 24ന് രാവിലെ 11ന് സുഹൃദ് സമ്മേളനം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 21ന് കൊടിമര ജാഥ കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി കെ.കെ.ദിനേശനും പതാക ജാഥ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ.മുകുന്ദനും ഉദ്ഘാടനം ചെയ്യും.

വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം വൈസ് ചെയർമാനും ഡെപ്യൂട്ടി മേയറുമായ സി.പി .മുസാഫിർ അഹമ്മദ്,ജനറൽ കൺവീനർ പി.പി സന്തോഷ് എന്നിവരും പങ്കെടുത്തു.

Advertisement
Advertisement