14 ജില്ലകളിലും ഇടിമിന്നലോടു കൂടിയ മഴ, മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

Thursday 20 June 2024 7:14 AM IST

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; വയനാട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാലവർഷക്കാറ്റ് കനത്തതും തെലങ്കാനയ്ക്ക് മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനവും കാരണം സംസ്ഥാനത്ത് ഈയാഴ്ച ശക്തമായ മഴ ലഭിക്കും. ഇന്നലെ ആരംഭിച്ച മഴ തിങ്കളാഴ്ച വരെ നീണ്ടുനിൽക്കും. മദ്ധ്യ, വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ ലഭിക്കും.

വടക്കൻ ജില്ലകളിലെ മലയോരമേഖലയിൽ മിന്നൽപ്രളയം, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ ഭീഷണിയുണ്ട്. തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ ശക്തമായ മഴയുണ്ടാവും. തീരദേശത്ത് പൊതുവെ മഴ കുറവായിരിക്കും.

കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരവാസികളും അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണം, ബോട്ടുകൾ സുരക്ഷിതമായി കെട്ടിയിടണം, ബീച്ച്, കടൽ വിനോദങ്ങൾ ഒഴിവാക്കുക.

Advertisement
Advertisement