പകുതി പണം മാത്രം നല്‍കിയാല്‍ കേരളത്തില്‍ ഡ്രൈവിംഗ് പഠിക്കാം, ഈ മാസം പ്രവര്‍ത്തനം ആരംഭിക്കും

Thursday 20 June 2024 10:34 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ഡ്രൈവിംഗ് സ്‌കൂളുകള്‍ ഈടാക്കുന്നതിലും 40 ശതമാനം വരെ ഫീസ് കുറവില്‍ ഡ്രൈവിംഗ് പഠിപ്പിക്കുന്ന കെഎസ്ആര്‍ടിസിയുടെ സ്‌കൂളുകള്‍ ജൂണില്‍ പ്രവര്‍ത്തനം ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആറ് സെന്ററുകളാണ് ആരംഭിക്കുന്നത്. ഇതില്‍ തിരുവനന്തപുരത്തെ സെന്റര്‍ ജൂണില്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കും. പ്രാക്ടിക്കലിനൊപ്പം തിയറി ക്ലാസുകളും ചേര്‍ന്നതാണ് കെഎസ്ആര്‍ടിസിയുടെ പാക്കേജ്.

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ ആനയറ സ്റ്റേഷനു സമീപത്താണ് ഡ്രൈവിംഗ് പഠനത്തിനായി ട്രാക്ക് ഒരുക്കിയിരിക്കുന്നത്. അട്ടക്കുളങ്ങരയിലുള്ള കെഎസ്ആര്‍ടിസി സ്റ്റാഫ് ട്രെയിനിംഗ് കോളജിലാകും തിയറി ക്ലാസുകള്‍ നടക്കുക. ഹെവി വെഹിക്കിള്‍ ശ്രേണിയിലുള്ള വാഹനങ്ങള്‍ ഓടിക്കാനുള്ള പരിശീലനത്തിനും ഒപ്പം കാര്‍ ഡ്രൈവിംഗ് പഠനത്തിനും 9000 രൂപയാണ് ഫീസ് ഈടാക്കുക.

ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമായി 3500 രൂപയും കാറും ഇരുചക്രവാഹനങ്ങളും ചേര്‍ത്ത് 11,000 രൂപയുമാണ് ഫീസ് ഈടാക്കുക. ഗിയര്‍ ഉള്ള വാഹനങ്ങള്‍ക്കും ഇല്ലാത്തവയ്ക്കും ഒരേ നിരക്കാണ് ഈടാക്കുക.

കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരായിരിക്കും ഡ്രൈവിംഗ് പഠിപ്പിക്കുന്നതും പരിശീലനം നല്‍കുന്നതും. ഹെവി ഡ്രൈവിംഗ് പരിശീലനത്തിന് സ്വകാര്യ ഡ്രൈവിംഗ് സ്‌കൂളുകള്‍ 15,000 രൂപയും കാര്‍ ഡ്രൈവിംഗിന് 12,000 രൂപ മുതല്‍ 14,000 രൂപവരെയുമാണ് ഫീസ് ഈടാക്കുന്നത്.

ഇരുചക്ര വാഹനങ്ങള്‍ക്ക് 6,000 രൂപയാണ് ഫീസ് ഇനത്തില്‍ ഈടാക്കുന്നത്. സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനം ടെസ്റ്റ് രീതിയില്‍ മാറ്റം എന്നിവ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിലെ വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

Advertisement
Advertisement