കേരളത്തിലെ കര്‍ഷകര്‍ക്ക് മാത്രമെന്താണ് ഇങ്ങനൊരു അവസ്ഥ, അധികം വൈകാതെ എല്ലാവരും കൃഷി ഉപേക്ഷിക്കും

Thursday 20 June 2024 11:26 AM IST

കൊച്ചി: കേരളത്തില്‍ കൃഷി പ്രോത്സാഹിപ്പിക്കുകയെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് കെഎസ്ഇബിയുടെ പ്രവര്‍ത്തനം. കൊച്ചി കാക്കനാട് സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ ഭൂമിയില്‍ കൃഷി ചെയ്തിരിക്കുന്ന വാഴത്തോട്ടം വിളവെടുപ്പിന് മുമ്പ് വെട്ടിവീഴ്ത്താന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് കെഎസ്ഇബി.‌

കാക്കനാടുള്ള സര്‍ക്കാര്‍ ഭൂമിയിലാണ് നെല്‍സണ്‍ കെ.കെ എന്ന കര്‍ഷകന്‍ വാഴത്തൈകള്‍ വച്ച് പിടിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം മറ്റ് ചില പച്ചക്കറികളും നട്ടിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ഉടനടി വെട്ടിമാറ്റണമെന്ന ആവശ്യവുമായാണ് ബുധനാഴ്ച കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയത്.

ഇന്റീരിയര്‍ ഡിസൈന്‍ ജോലികള്‍ ചെയ്തിരുന്ന നെല്‍സണ്‍ പിന്നീട് കൃഷിയിലേക്ക് തിരിയുകയും തൃക്കാക്കര നഗരസഭയുടെ മികച്ച കര്‍ഷകനുള്ള പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്ത വ്യക്തിയാണ്. എന്നാല്‍ ഇപ്പോള്‍ കൃഷിയിറക്കിയിരിക്കുന്ന ഭൂമിയില്‍ ഒരു ഹൈ വോള്‍ട്ടേജ് ടവര്‍ സ്ഥാപിക്കാന്‍ പോകുകയാണെന്നും അതുകൊണ്ട് തന്നെ വാഴത്തോട്ടം വെട്ടി മാറ്റണമെന്നുമാണ് കെഎസ്ഇബി പറയുന്നത്.

രണ്ട് മൂന്ന് മാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ തന്റെ കൃഷി വിളവെടുപ്പിന് സജ്ജമാകുമെന്നും അതുകൊണ്ട് തന്നെ അതുവരെ കാത്തിരിക്കണമെന്നുമാണ് നെല്‍സണ്‍ ആവശ്യപ്പെടുന്നത്. ഓണം സീസണില്‍ വിളവെടുക്കുന്നതിന് വേണ്ടിയാണ് വാഴത്തൈകള്‍ വച്ച് പിടിപ്പിച്ചത്. 600 വാഴത്തൈകളും, കത്തിരിക്ക, വെണ്ട, തക്കാളി തുടങ്ങിയ പച്ചക്കറികളും വച്ച് പിടിപ്പിച്ചിട്ടുണ്ട്.

ഓണം സീസണ്‍ മുന്നില്‍ക്കണ്ട് 3ലക്ഷം രൂപയാണ് കൃഷിക്ക് വേണ്ടി മുതല്‍മുടക്കിയതെന്നും കൃഷിവകുപ്പിന്റേയും റവന്യൂ വകുപ്പിന്റേയും ഹോര്‍ട്ടികോര്‍പ്പിന്റേയും പിന്തുണയുണ്ടായിരുന്നുവെന്നും പെട്ടെന്നാണ് കെഎസ്ഇബി തന്നോട് ഭൂമി ഒഴിയണമെന്ന് ആവശ്യപ്പെട്ട രംഗത്ത് വന്നിരിക്കുന്നതെന്നും നെല്‍സണ്‍ പറയുന്നു.

എന്നാല്‍ രണ്ടാഴ്ച മുമ്പ് തന്നെ ഇക്കാര്യം നെല്‍സണോട് സംസാരിച്ചിരുന്നുവെന്നും ഒരു പദ്ധതി നടത്തിപ്പിന്റെ ഭാഗമായിട്ടാണ് ഭൂമി ഒഴിയാന്‍ ആവശ്യപ്പെട്ടതെന്നും ഇതൊരു പ്രതികാര നടപടിയല്ലെന്നും കെഎസ്ഇബി അധികൃതര്‍ പ്രതികരിച്ചു. ജില്ലാ ഭരണകൂടവുമായി വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കനാണ് ശ്രമമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

Advertisement
Advertisement