'ബാംബൂ ബോയ്‌സ് സിനിമ കണ്ടിട്ടില്ലേ? എത്ര വൃത്തികെട്ട രീതിയാണ്, അത്രയും വൾഗറാണോ നമ്മുടെ നാട്ടിലെ ആദിവാസികൾ'

Thursday 20 June 2024 11:32 AM IST

തിരുവനന്തപുരം: ട്രൈബൽ വിഭാഗത്തിൽപ്പെട്ടവരുടെ ദയനീയ സ്ഥിതി മാത്രമല്ല, അവരുടെ നേട്ടങ്ങളും പുറംലോകത്തേക്ക് കൊണ്ടുവരണമെന്ന് മുൻ മന്ത്രിയും എംപിയുമായ കെ രാധാകൃഷ്‌ണൻ. വാർത്തകളും സിനിമകളും എപ്പോഴും അവരുടെ ദുരിതങ്ങളെ ഉപകരണങ്ങളാക്കി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. ബാംബൂ ബോയ്‌സ് എന്ന ചിത്രത്തിൽ വളരെ മോശമായാണ് ട്രൈബൽ വിഭാഗത്തെ അവതരിപ്പിച്ചിരിക്കുന്നതെന്നും രാധാകൃഷ്ണൻ എടുത്തുപറഞ്ഞു.

'അട്ടപ്പാടിയിൽ ഒരു കുട്ടി മരിച്ചാൽ അതിനെ വലിയ അന്താരാഷ്‌ട്ര വാർത്ത പോലെയാക്കും. ഏത് വിഭാഗത്തൽപ്പെട്ടവരുടെ ആയാലും ഒരു കുട്ടി പോലും മരിക്കരുത് എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ട്രൈബൽ, നോൺ ട്രൈബൽ എന്ന വ്യത്യാസമില്ല ഒരു കുട്ടിയും മരിക്കരുത്. ഇക്കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൂന്ന് കുട്ടികളേ മരിച്ചിട്ടുള്ളു. എന്നിട്ടും അത് വലിയ വാർത്തയാകുന്നു. അതിന്റെ തൊട്ടടുത്തെ പ്രദേശങ്ങളിൽ എത്ര കുട്ടികൾ മരിക്കുന്നു, ആരെങ്കിലും വാർത്തയാക്കുന്നുണ്ടോ? ഒരു ട്രൈബൽ വിഭാഗത്തിൽപ്പെട്ട സഹോദരി മാസം തികയാതെ പ്രസവിച്ചാൽ അത് വാർത്തയാകുന്നു. ഇത് എത്രയോ സ്ഥലങ്ങളിൽ നടക്കുന്നതാണ്. എനിക്കറിയാവുന്ന ഒരു ഡോക്‌ടറിന് പോലും ഈ അവസ്ഥയായിരുന്നു, എന്നിട്ട് അത് വാർത്തയായില്ലല്ലോ ' കെ രാധാകൃഷ്‌ണൻ പറഞ്ഞു.

'ട്രൈബൽ വിഭാഗത്തെ വാർത്തയാക്കാനുള്ള ഉപകരണമാക്കി മാറ്റിയിരിക്കുകയാണ്. അങ്ങനെ കാണുന്നത് ശരിയല്ല. എന്തിന് സിനിമയിൽപോലും ഇതാണ് അവസ്ഥ. നിങ്ങൾ കണ്ടിട്ടുണ്ടാകും ബാംബൂ ബോയ്‌സ് എന്ന സിനിമ. ആ സിനിമ വേറൊരു ജനവിഭാഗത്തെ കുറിച്ച് എടുത്തിരുന്നെങ്കിൽ എന്തായേനെ. ബാംബൂ ബോയ്‌സിലെ പോലെ അത്രയും വൾഗർ ആയിട്ടാണോ നമ്മുടെ കേരളത്തിലെ ട്രൈബ്‌സ് ഉള്ളത്. അവരെ എന്ത് വേണമെങ്കിലും പറയാം എന്ന സ്ഥിതിയിലാണ്. അവരുടെ ദയനീയ സ്ഥിതി മാത്രമല്ല, അവരുടെ ഉയർച്ച കൂടി പുറം ലോകത്തെ കാണിക്കണം. അങ്ങനെ ചെയ്‌താൽ ഈ മേഖലയിൽ വലിയ മാറ്റം ഉണ്ടാക്കാൻ സാധിക്കും ', കെ രാധാകൃഷ്‌ണൻ വ്യക്തമാക്കി.

Advertisement
Advertisement