ഇനി കാര്യങ്ങൾ പഴയതുപോലെയല്ല; യുഎഇയിലേയ്ക്ക് പറക്കുന്ന ഇന്ത്യക്കാർക്ക് നിർദേശങ്ങളുമായി വിമാനക്കമ്പനികൾ

Thursday 20 June 2024 11:41 AM IST

അബുദാബി: യുഎഇയിലേയ്ക്ക് പറക്കുന്ന ഇന്ത്യൻ സന്ദർശകർക്കായി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി എയർലൈനുകൾ. ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് എത്തുന്നവർ അവശ്യരേഖകൾ കൈയിൽ കരുതണമെന്ന് ട്രാവൽ ഏജൻസികൾ നിർദേശിക്കുന്നു.

സാധുവായ പാസ്‌പോർട്ടുകൾ, റിട്ടേൺ ടിക്കറ്റുകൾ, താമസവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, സാമ്പത്തിക തെളിവുകൾ എന്നിവ കൈവശം കരുതാൻ യാത്രക്കാർക്ക് നിർദ്ദേശം നൽകിയതായി എയർ ഇന്ത്യ എക്‌സ്‌പ്രസ് വക്താവ് അറിയിച്ചു.

പാസ്‌പോർട്ടിന് ആറുമാസത്തെ കാലാവധിയെങ്കിലും ഉണ്ടെന്ന് യാത്രക്കാർ ഉറപ്പുവരുത്തണം. ഒരു മാസത്തെ വിസിറ്റ് വിസയിൽ വരുന്നവർ റിട്ടേൺ ടിക്കറ്റ്, ഹോട്ടൽ റിസർവേഷൻ രേഖകൾ, അക്കൗണ്ടിൽ അല്ലെങ്കിൽ കൈവശം 3000 ദി‌ർഹം 68,000 രൂപ) എന്നിവ ഉണ്ടെന്ന് പരിശോധിക്കണം. കൂടുതൽ കാലം തങ്ങാൻ ആഗ്രഹിക്കുന്നവർ 5000 ദിർഹം (1,13,664.65 രൂപ), യുഎഇയിലുള്ള ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ രേഖകൾ എന്നിവയും കൈയിൽ കരുതണമെന്നും എയർലൈനുകൾ പുറത്തിറക്കിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ് തുടങ്ങിയ എയർലൈനുകളാണ് പ്രധാനമായും നിർദേശങ്ങൾ പങ്കുവച്ചത്.

അവശ്യ രേഖകൾ പക്കലില്ലാത്തവരെ വിമാനത്തിൽ കയറാൻ അനുവദിക്കുന്നതല്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ ചാർജുകളും ടിക്കറ്റിംഗ് ഏജൻസിയിൽ നിന്ന് ഈടാക്കുമെന്നും എയർലൈനുകളുടെ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. രേഖകളിലാത്തവരെ യുഎഇ വിമാനത്താവളങ്ങളിൽ ത‌ടയുകയോ തിരിച്ചയയ്ക്കുകയോ ചെയ്താൽ അവരെ നാട്ടിലേയ്ക്ക് എത്തിക്കേണ്ടത് എയർലൈനുകളുടെ ചുമതലയാണ്. ഇതിനാലാണ് ഇത്തരം മാർഗനിർദേശങ്ങൾ എയർലൈനുകൾ കർശനമായി പാലിക്കുന്നതെന്ന് ട്രാവൽ ഏജന്റുകൾ പറയുന്നു.

പുതിയ നിർദേശങ്ങൾ തിരിച്ചടിയാവുന്നത് യുഎഇയിലേയ്ക്ക് തൊഴിൽ തേടി പോകാനിരിക്കുന്നവർക്കാണ്. മിക്കവാറും തൊഴിലന്വേഷകരും ഗൾഫിലേയ്ക്ക് പോകുന്നത് വിസിറ്റ് വിസയിലാണെന്നതിനാൽ എയർലൈനുകളുടെ പുതിയ മാർഗനിർദേശങ്ങൾ പലരുടെയും പ്രവാസ ജീവിതത്തിന് പ്രതിസന്ധിയുണ്ടാക്കാനിടയുള്ളതായാണ് വിലയിരുത്തൽ.

Advertisement
Advertisement