ലഭിക്കുന്നത് വന്‍ ലാഭം, എന്നിട്ടും കൊച്ചിയെ ഉപേക്ഷിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Thursday 20 June 2024 12:01 PM IST

കൊച്ചി: എയര്‍ലൈന്‍ കമ്പനികളുടെ ബിസിനസ് ഹബ് ആയി മാറുകയെന്ന കൊച്ചിയുടെ മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കമ്പനിയുടെ ആസ്ഥാനം കൊച്ചിയില്‍ നിന്ന് ഗുഡ്ഗാവിലേക്ക് മാറ്റിയിരിക്കുകയാണിപ്പോള്‍. 2013 മുതല്‍ കൊച്ചിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ആസ്ഥാനമാണ് നയപരമായ കാരണങ്ങള്‍ പറഞ്ഞ് ഹരിയാനയിലേക്ക് മാറ്റിയിരിക്കുന്നത്. വളരെ കുറച്ച് ജീവനക്കാരെ മാത്രം നിലനിര്‍ത്തി കൊച്ചിയിലെ ഏലംകുളത്ത് ഓഫീസ് പ്രവര്‍ത്തിക്കും.

2023 മുതല്‍ തന്നെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലെ ജീവനക്കാരുടെ സ്ഥലം മാറ്റം ആരംഭിച്ചിരുന്നുവെന്നാണ് സൂചന. ആസ്ഥാനം ഗുഡ്ഗാവിലേക്ക് മാറ്റിയത് നയപരമായ തീരുമാനമാണെന്നും മാതൃകമ്പനിയായ എയര്‍ ഇന്ത്യക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു മാറ്റമെന്നും കമ്പനി വക്താക്കളില്‍ ഒരാള്‍ വ്യക്തമാക്കി. എന്നാല്‍ ആസ്ഥാനം കൊച്ചിയില്‍ നിന്ന് മാറ്റിയെങ്കിലും സര്‍വീസ് ഓപ്പറേഷനുകളില്‍ മാറ്റമുണ്ടാകില്ലെന്നും പ്രധാനപ്പെട്ട കേന്ദ്രമായി കൊച്ചി തുടരുമെന്നും വക്താവ് അറിയിച്ചു. ഗള്‍ഫ് മേഖലയില്‍ പ്രവാസികള്‍ ഉള്‍പ്പെടെ ആശ്രയിക്കുന്ന വിമാന കമ്പനിയെന്ന നിലയില്‍ വലിയ ലാഭമാണ് കൊച്ചി സെക്ടറില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ലഭിക്കുന്നത്.

അതേസമയം, അടുത്തിടെയായി ജീവനക്കാരും കമ്പനിയും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ലെന്നാണ് സൂചന. ഇത് കമ്പനിയുടെ നിരവധി വിമാന സര്‍വീസുകളേയും ബാധിച്ചിരുന്നു. മേയ് മാസത്തില്‍ 300ഓളം ക്യാബിന്‍ ക്രൂ ജീവനക്കാര്‍ കൂട്ടത്തോടെ സിക്ക് ലീവ് എടുത്തത് കമ്പനിക്ക് പ്രതിസന്ധി സൃഷ്ടിക്കുകയും 200ല്‍പ്പരം സര്‍വീസുകള്‍ റദ്ദാക്കേണ്ടിയും വന്നിരുന്നു. ആയിരക്കണക്കിന് യാത്രക്കാര്‍ കൂടിയാണ് ഈ പ്രശ്‌നങ്ങള്‍ കാരണം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത്. ഈ വിഷയം പിന്നിട് ഡല്‍ഹി ലേബര്‍ കമ്മീഷണറുടെ ഇടപെടലില്‍ പരിഹരിച്ചിരുന്നു.

Advertisement
Advertisement