ഹൈസ്‌പീഡിൽ കറങ്ങുന്ന ഫാനിന് മുകളിൽ മൂർഖനെത്തി, അതുപോലെയാകാം ഇതും; വാവ സുരേഷിന്റെ വെളിപ്പെടുത്തൽ

Thursday 20 June 2024 12:23 PM IST

കഴിഞ്ഞ ദിവസമാണ് ബംഗളൂരു സ്വദേശികളായ ദമ്പതികൾക്ക് ആമസോൺ ഡെലിവറി ബോക്സിൽ നിന്ന് ജീവനുള്ള മൂർഖൻ പാമ്പിനെ ലഭിച്ചത്. സർജപൂർ റോഡിൽ താമസിക്കുന്ന ദമ്പതികൾ എക്സ് ബോക്സ് കൺട്രോളറാണ് ഓർഡർ ചെയ്തത്. ബോക്സിൽ ഒട്ടിച്ചിരുന്ന ടേപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പെന്ന് സോഫ്റ്റ്‌വെയർ എൻജിനിയർമാരായ ദമ്പതികൾ പറഞ്ഞിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ദമ്പതികൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്‌തു.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വാവ സുരേഷ്. പാർസലിനുള്ളിൽ ഒരിക്കലും ഇത്തരത്തിൽ മൂർഖൻ പാമ്പ് കയറില്ലെന്ന് അദ്ദേഹം പറയുന്നു.


'ഞാനത് ഒരമ്പത് പ്രാവശ്യം സൂം ചെയ്തും മറ്റും നോക്കി. ഈ വീഡിയോയ്ക്ക് ഞാൻ മറുപടി കൊടുക്കേണ്ടത് അത്യാവശ്യമാണെന്ന് എനിക്ക് തോന്നി. ഒരു കമ്പനിയുടെ ഓർഡർ ചെയ്ത സാധനമാണ്. അത് ഏജന്റുമാർ അല്ലെങ്കിൽ ചെറുപ്പക്കാർ കൊണ്ടുവരുമ്പോൾ നന്നായി പാക്ക് ചെയ്ത്, അല്ലെങ്കിൽ സ്റ്റിക്കർ ഒട്ടിച്ച്, അതിനകത്ത് ഒന്നും കടന്നുപോകാത്ത അല്ലെങ്കിൽ അകത്തുനിന്ന് ഒന്നും പുറത്തുവരാത്ത രീതിയിലാണ് പാക്കിംഗ്. പക്ഷേ ആ വീഡിയോയിൽ കാണുന്നത് പാക്കറ്റ് തുറന്നപ്പോൾ മൂർഖൻ പാമ്പിനെ കിട്ടിയെന്നാണ്. ഇത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ ചിരിയാണ് വന്നത്.

ഒരു കാര്യം നിങ്ങൾ എപ്പോഴും മനസിലാക്കണം ആ സ്റ്റിക്കറിൽ ഒരു മൂർഖനോ അതിന്റെ കുഞ്ഞോ ഒട്ടിയിരിക്കാൻ യാതൊരു സാദ്ധ്യതയുമില്ല. ഒന്നുകിൽ ആ കമ്പനിക്ക് പണി കൊടുത്തതാണ്. അല്ലെങ്കിൽ ഏതോ ആൾക്കാർ, കേരളത്തിലൊക്കെ വന്ന് ഒരു ദിവസം വന്ന് പാമ്പിനെ പിടിക്കാനുള്ള ട്രെയിനിംഗ് നേടി പുറത്തുപോകുന്ന നിരവധി പേരുണ്ട്. അവർ എന്ത് ചെയ്യുന്നെന്നോ, എവിടെയാണെന്നോ അറിയില്ല. ആയിരം പേർ ട്രെയിനിംഗ് നേടിയാൽ വെറും അമ്പതോ അറുപതോ പേർ മാത്രമാണ് പാമ്പിനെ പിടിക്കാൻ പോകുന്നത്. ബാക്കിയുള്ളവർ അങ്ങ് സഞ്ചരിക്കുകയാണ്. അങ്ങനെ ആരോ നല്ല പ്ലാൻ ചെയ്ത് വീഡിയോയ്ക്ക് വേണ്ടി ചെയ്തതാണോ എന്നറിയില്ല.

ഒരു സത്യം നിങ്ങൾ മനസിലാക്കണം. എനിക്ക് തോന്നുന്നത് ഷെയർ ചെയ്ത് പോകാൻ വേണ്ടിയാണ് ആ വീഡിയോ ചെയ്തതെന്നാണ്. ഒരു മാസത്തോളം പ്രായമുള്ള മൂർഖൻ പാമ്പ് അതിൽ ഒട്ടിയിരിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ. ചിലപ്പോൾ ഇന്നോ ഇന്നലയോ ഒക്കെ അയക്കുന്നതാകും പാർസൽ. അത്രയും സമയമാകുമ്പോൾ അത് മരണപ്പെട്ടിരിക്കും.

കാർബോഡിനകത്തിരിക്കുന്ന ഒരു ചെറിയ പേപ്പറിലാണ് ഇത് ഒട്ടിയിരിക്കുന്നത്. ബേസ് ബോർഡ് പൊട്ടിക്കുമ്പോഴൊന്നും അവർ ആ പാമ്പിനെ കാണുന്നില്ല. അങ്ങനെ വരാൻ സാദ്ധ്യതയില്ലെന്ന് നൂറ് ശതമാനം അല്ലെങ്കിൽ 99 ശതമാനം, ആ വീഡിയോ കാണുമ്പോൾ ഇ നിങ്ങൾക്ക് മനസിലാകും.

അടുത്ത കാലത്ത് സോഷ്യൽ മീഡിയയിലൊക്കെ തരംഗമായ വീഡിയോയാണ് നല്ല ഹൈസ്പീഡിൽ കറങ്ങുന്ന ഫാനിന് മുകളിൽ മഹാരാഷ്ട്രയിൽ കണ്ടുവരുന്ന കറുത്ത കളറുള്ള മൂർഖൻ അതിന് മുകളിലിരിക്കുന്നു. അതെങ്ങനെ അതിന്റെ മുകളിൽ കയറിപ്പോയെന്ന് ചിന്തിക്കേണ്ടേ. ഒരിക്കലും അത് കയറിപ്പോയതല്ല, ആരോ എടുത്തുവച്ച് ഷൂട്ട് ചെയ്തതാണ്. അതുപോലെയാകാം ഇതും. '- അദ്ദേഹം പറഞ്ഞു.

Advertisement
Advertisement