കറക്കി വീഴ്ത്തുമോ അഫ്ഗാനിസ്ഥാന്‍, സൂപ്പര്‍ എട്ടില്‍ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും

Thursday 20 June 2024 12:29 PM IST

ബാര്‍ബഡോസ്: ട്വിന്റി 20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടങ്ങളില്‍ തങ്ങളുടെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. അയല്‍ക്കാരായ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 8 മണിക്കാണ് മത്സരം ആരംഭിക്കുക. തോല്‍വി അറിയാതെയാണ് ഇന്ത്യ ഗ്രൂപ്പ് ഘട്ടം പിന്നിട്ടത്. അയര്‍ലാന്‍ഡ്, പാകിസ്ഥാന്‍, യുഎസ്എ എന്നിവരെ തോല്‍പ്പിച്ചപ്പോള്‍ കാനഡയ്‌ക്കെതിരായ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ന്യൂസിലാന്‍ഡ്, പിഎന്‍ജി, ഉഗാണ്ട എന്നിവരെ തോല്‍പ്പികുകയും വിന്‍ഡീസിനോട് തോല്‍ക്കുകയും ചെയ്താണ് അഫ്ഗാനിസ്ഥാന്റെ വരവ്.

വിന്‍ഡീസിലെ വേഗം കുറഞ്ഞ പിച്ചുകളില്‍ ലോകോത്തര സ്പിന്നര്‍മാരുള്ള അഫ്ഗാനിസ്ഥാനെ വിലകുറച്ച് കാണാന്‍ ഇന്ത്യ തയ്യാറാകില്ല. അതേസമയം മത്സരത്തിന് നേരിയ തോതില്‍ മഴ ഭീഷണിയുണ്ട്. റാങ്കിംഗില്‍ ഇന്ത്യ ഒന്നാമതും അഫ്ഗാനിസ്ഥാന്‍ പത്താമതുമാണെങ്കിലും ന്യൂസിലന്‍ഡ് പോലെ ശക്തരായ ടീമിനെ പിന്തള്ളി സൂപ്പര്‍ എട്ടിലേക്ക് എത്തിയ അഫ്ഗാനിസ്ഥാന്‍ അപകടകാരികളാണെന്ന് ഇന്ത്യക്ക് നന്നായി അറിയാം. അതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തി തന്നെയാകും രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ടീം കളത്തിലിറങ്ങുക.

8 ട്വന്റി-20 മത്സരങ്ങളിലാണ് ഇന്ത്യയും അഫ്ഗാനും ഇതിന് മുമ്പ് ഏറ്റുമുട്ടിയത്. ഇതില്‍ ഏഴിലും ജയിച്ചത് ഇന്ത്യ. ഒരു കളി മഴ കാരണം മുടങ്ങിയിരുന്നു. ട്വന്റി-20 ലോകകപ്പില്‍ ഇതാദ്യമായാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടുന്നത്. ഈ വര്‍ഷം ആദ്യം നാട്ടില്‍ നടന്ന പരമ്പരയില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. ഇതാണ് ഇരു ടീമുകളും തമ്മില്‍ അവസാനമായി ഏറ്റുമുട്ടിയ പരമ്പര.

അതേസമയം, ഇന്നലെ ആരംഭിച്ച സൂപ്പര്‍ എട്ട് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയും നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും വിജയിച്ച് തുടങ്ങി. പ്രോട്ടീസിനെ വിറപ്പിച്ച ശേഷമാണ് അട്ടിമറി വീരന്‍മാരായ യുഎസ്എ കീഴടങ്ങിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎസ്എ വെറും 18 റണ്‍സിനാണ് തോല്‍വി സമ്മതിച്ചത്. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ആതിഥേയരായ വെസ്റ്റിന്‍ഡീസ് ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങി. 181 റണ്‍സ് വിജയലക്ഷ്യം 15 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇംഗ്ലണ്ട് മറികടന്നത്.

Advertisement
Advertisement