ബംഗളൂരു വിട്ട് പുറത്തേക്ക് വരൂ, ജീവനക്കാര്‍ക്ക് ലക്ഷങ്ങള്‍ ഓഫര്‍ ചെയ്ത് വന്‍കിട കമ്പനി

Thursday 20 June 2024 1:00 PM IST

ബംഗളൂരു: പുതിയ ക്യാമ്പസിലേക്ക് മാറുന്ന ജീവനക്കാര്‍ക്ക് എട്ട് ലക്ഷം രൂപ വരെ ഇന്‍സെന്റീവ് പ്രഖ്യാപിച്ച് വന്‍കിട കമ്പനിയായ ഇന്‍ഫോസിസ്. കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ ആരംഭിച്ച ക്യാമ്പസിലേക്ക് മാറുന്ന ജീവനക്കാര്‍ക്കാണ് വമ്പന്‍ ഓഫര്‍. ബംഗളൂരു പോലൊരു മെട്രോ നഗരത്തില്‍ നിന്ന് ചെറുപട്ടണങ്ങളിലേക്കും സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹുബ്ബള്ളിയില്‍ പുതിയ ഓഫീസ് പണികഴിപ്പിച്ചത്.

ബംഗളൂരു പോലൊരു നഗരത്തില്‍ നിന്ന് ഹുബ്ബള്ളി പോലൊരു ചെറിയ നഗരത്തിലേക്ക് ജീവനക്കാരെ മാറ്റുകയെന്നത് വലിയ വെല്ലുവിളിയാണ് ഇന്‍ഫോസിസിനെ സംബന്ധിച്ച്. ബംഗളൂരുവിലെ ജീവിത നിലവാരവും സൗകര്യങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഹുബ്ബള്ളി വളരെ പിന്നിലാണ്. ഈ സാഹചര്യം മറികടക്കുന്നതിനാണ് വലിയ ഓഫര്‍ ജീവനക്കാര്‍ക്ക് വേണ്ടി പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഓഫീസിലേക്ക് മാറുന്ന ജീവനക്കാര്‍ക്ക് കരിയറില്‍ വലിയ മാറ്റങ്ങള്‍ക്കുള്ള അവസരമുണ്ടാകുമെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.

ബംഗളൂരുവില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയാണ് ഇന്‍ഫോസിസിന്റെ ഹുബ്ബള്ളി ക്യാമ്പസ് സ്ഥിതിചെയ്യുന്നത്. 5000ത്തോളം ജീവനക്കാര്‍ക്ക് ഇവിടെ ഒരേസമയം ജോലി ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്. ഇന്‍ഫോസിസിന്റെ ലെവല്‍-3 ജീവനക്കാര്‍ക്ക് പുതിയ ക്യാമ്പസിലേക്ക് മാറുമ്പോള്‍ 25,000 രൂപ ലഭിക്കും. ഓരോ ആറ് മാസം കൂടുമ്പോഴും 25,000 രൂപയെന്ന തോതില്‍ രണ്ട് വര്‍ഷത്തേക്ക് കമ്പനി പണം നല്‍കും. ലെവല്‍-4 ജീവനക്കാര്‍ക്ക് 50,000 രൂപയാണ് നല്‍കുക. രണ്ട് വര്‍ഷത്തിന് ശേഷം മറ്റൊരു രണ്ടരലക്ഷം രൂപ കൂടി കമ്പനി നല്‍കും.

ലെവല്‍-7 ജീവനക്കാര്‍ക്ക് ഒന്നരലക്ഷം രൂപയാണ് ഉടനടി നല്‍കുക. രണ്ട് വര്‍ഷത്തിന് ശേഷം എട്ട് ലക്ഷവും കൊടുക്കും. അതേസമയം, ഇന്‍ഫോസിസിന്റെ നീക്കത്തെ അഭിനന്ദിച്ച് കര്‍ണാടക കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി മന്ത്രി രംഗത്തെത്തി. നേരത്തെ ഹുബ്ബള്ളിയില്‍ പുതിയ ഓഫീസ് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും പ്രവര്‍ത്തനം ആരംഭിക്കാതിരുന്നതിനെതിരെ പ്രദേശത്തെ എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ രംഗത്ത് വന്നിരുന്നു.

Advertisement
Advertisement