എന്റെ മകളുടെ ഒരു വർഷം നഷ്‌ടപ്പെട്ടു, എംജി യൂണിവേഴ്‌സിറ്റിക്കെതിരെ സന്തോഷ് ജോർജ് കുളങ്ങര

Thursday 20 June 2024 1:02 PM IST

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കുറിച്ച് ധാരാളം ചർച്ചകൾ നടന്നുവരുന്ന സമയമാണിത്. ഈ അവസരത്തിൽ യാത്രികനും മാദ്ധ്യമപ്രവർത്തകനുമായ സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ ശ്രദ്ധേയമാവുകയാണ്. തന്റെ സ്വന്തം അനുഭവത്തിലൂടെയാണ് അദ്ദേഹം ചില കാര്യങ്ങൾ പങ്കുവച്ചത്.

''എന്റെ മകൾ പത്താം ക്ളാസുവരെ ഞങ്ങളുടെ തന്നെ സ്കൂളിലാണ് പഠിച്ചത്. എന്റെ പിതാവാണ് അന്നും ഇന്നും സ്ഥാപനത്തിന്റെ ചെയർമാൻ. പത്താം ക്ളാസിന് ശേഷം അവൻ എന്റെ പിതാവിനോട് പറഞ്ഞു. അച്ചാച്ചാ നമ്മുടെ സ്കൂളിൽ തന്നെ പഠിച്ചതുകൊണ്ട് എനിക്കു കിട്ടുന്ന മാർക്കിൽ എനിക്കുതന്നെ സംശയമുണ്ട്. അച്ചാച്ചനെ പേടിച്ച് ടീച്ചേർസ് ഫ്രീയായിട്ട് മാർക്ക് തരുന്നുണ്ടോയെന്ന് സംശയമുണ്ട്. അതുകൊണ്ട് ഇനി ഞാൻ മറ്റേതെങ്കിലും സ്കൂളിൽ പോയി പഠിക്കാം. എനിക്കെത്ര മാർക്ക് കിട്ടുമെന്ന് കൃത്യമായി എനിക്ക് അറിയാമല്ലോ? ഫാദർ സമ്മതിച്ചു.

അങ്ങിനെ അവൾ കൊടൈക്കനാലിലെ ഇന്റർനാഷണൽ സ്കൂളിൽ ചേർന്നു പഠിച്ചു. ഇന്റർനാഷണൽ ബാക്കുലറേറ്റ് (ഐബി)ആണ് അവിടുത്തെ സിലബസ്. അത്യാവശ്യം നന്നായി പഠനം കഴിഞ്ഞ് തിരിച്ചെത്തി. തുടർന്ന് ചങ്ങനാശ്ശേരി അസംപ്‌ഷൻ കോളേജിൽ അഡ്‌മിഷൻ കിട്ടി. ഒരു വർഷം കഴിഞ്ഞപ്പോൾ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്ന് മകൾക്ക് ഒരു കത്ത് വന്നു.

നിങ്ങളുടെ കോഴ്‌സ് ഞങ്ങൾ അംഗീകരിക്കുന്നില്ല, തിരിച്ചുപൊയ്‌ക്കോളൂ എന്ന്. ഐബി സിലബസ് പഠിച്ചുവന്ന ഒരാളെ ഗാന്ധി യൂണിവേഴ്‌സിറ്റി പുറത്താക്കി. എന്റെ മകളുടെ ഒറ്റവർഷം നഷ്‌ടപ്പെട്ടു. ഐബി എന്താണെന്ന് അറിയാത്ത കിഴങ്ങന്മാരാണ് മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയിലുള്ളതെന്ന് മുൻ വൈസ് ചാൻസിലറെ മുന്നിൽ ഇരുത്തികൊണ്ട് ഞാൻ പറയുകയാണ്. ഇവന്മാരല്ലേ നമ്മുടെ വിദ്യാഭ്യാസത്തെ പരിഷ്‌കരിക്കാൻ പോകുന്നത്. നല്ല മാർക്കുണ്ടായിരുന്നതുകൊണ്ട് ബംഗളൂരുവിൽ അഡ്‌മിഷൻ കിട്ടി.''

ലക്ഷ്യത്തിലെത്താനുള്ള ഗോവണിയായാണ് വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തെ കാണേണ്ടതെന്ന് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. എന്നാൽ ലക്ഷ്യം എന്തെന്ന് അറിയാതെ ഗോവണി ചുമന്നുകൊണ്ട് നടക്കുകയാണ് പലരും ചെയ്യുന്നതെന്നും, ആ രീതി മാറണമെന്നും സന്തോഷ് വ്യക്തമാക്കി.

Advertisement
Advertisement