ഓപ്പറേഷൻ ലൈഫ് ; 1993 സ്ഥാപനങ്ങളിൽ പരിശോധന,​ 90 കടകൾ പൂട്ടിച്ചു

Thursday 20 June 2024 6:58 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി രണ്ട് ദിവസത്തെ സ്പെഷ്യൽ ഡ്രൈവിൽ 1993 സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. കടകളിൽ ലഭ്യമാകുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് മേയ് മുതൽ ജൂലായ് വരെ നീണ്ടുനിൽക്കുന്ന ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായാണ് ഡ്രൈവ് നടത്തിയത്.

പരിശോധനയിൽ ഭക്ഷ്യസുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 90 കടകളുടെ പ്രവർത്തനം നിറുത്തിവയ്പിച്ചു. 315 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസുകളും 262 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ട് നോട്ടീസുകളും നൽകി. 22 ഇംപ്രൂവ്‌മെന്റ് നോട്ടീസുകളും രണ്ട് ദിവസത്തെ പരിശോധനകളിൽ നൽകി.

ഏഴ് സ്ഥാപനങ്ങൾക്കെതിരെ അഡ്‌ജ്യുഡിക്കേഷൻ നടപടികളും ആരംഭിച്ചു. ഹോട്ടൽ,​ റസ്റ്റാറന്റ്,​ എന്നിവയ്ക്ക് പുറമേ ഭക്ഷണ നിർമ്മാണവും വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളിലും ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി പരിശോധനകൾ നടത്തും. മഴക്കാലത്ത് കടകൾ വൃത്തിഹീനമായി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ കടുത്ത നടപടികൾ സ്വീകരിക്കും.

ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും ശുചിത്വമുള്ള ചുറ്റുപാടിലായിരിക്കണം. കടകളിൽ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം പാകം ചെയ്ക ഭക്ഷണം വൃത്തിയുള്ള അന്തരീക്ഷത്തിൽ വേണം സൂക്ഷിക്കാൻ. ഓൺലൈൻ വിതരണക്കാരും ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചു വേണം ഭക്ഷണം കൈകാര്യം ചെയ്യാൻ. രാത്രി കാലങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ പോലുള്ള സ്ഥാപനങ്ങളും കൂടുതൽ ശ്രദ്ധ നൽകി ഭക്ഷണം വിതരണം ചെയ്യേണ്ടതാണ്. വരും ആഴ്ചകളിലും പരിശോധന തുടരുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

Advertisement
Advertisement