കേന്ദ്രത്തിന് കത്തയച്ച് മന്ത്രി അബ്ദുറഹിമാൻ,​ കേരളത്തിൽ നിന്നുള്ള 12 ഹജ്ജ് തീർത്ഥാടകർ മരിച്ചെന്ന് വിവരം

Friday 21 June 2024 4:58 AM IST

കൊടുംചൂട്,​ മോശം സൗകര്യം

തിരുവനന്തപുരം: കേരളത്തിൽ നിന്ന് പോയ 18,200 ഹജ്ജ് തീർത്ഥാടകരിൽ 12 പേർ കൊടുംചൂടും അധികൃതരുടെ മോശം സമീപനവും കാരണം മരിച്ചെന്ന് വിവരം ലഭിച്ചതായി മന്ത്രി വി. അബ്ദുറഹിമാൻ. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരാണിവർ.

അറഫയിലേക്ക് പോകാൻ റോഡരികിൽ 17 മണിക്കൂർ വരെ കാത്തിരിക്കേണ്ടി വന്നു. പലരും വളരെ വൈകിയാണ് കല്ലെറിയൽ ചടങ്ങിന് എത്തിച്ചേർന്നത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് നൂറുകണക്കിനാളുകളാണ് ആശുപത്രികളിൽ ചികിത്സ തേടിയത്.

ഹജ്ജ് തീർത്ഥാടകർ സൗദിയിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ന്യൂനപക്ഷ കാര്യ, വിദേശകാര്യ മന്ത്രിമാർക്കും ജിദ്ദയിലെ കോൺസുലേറ്റ് ജനറലിനും അബ്ദുറഹിമാൻ കത്തയച്ചു.

ഹാജിമാർക്ക് ഇത്തവണ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായി. ഹാജിമാരുടെ ചുമതല നോക്കുന്ന വിവിധ മുത്തവിഫുമാരുടെ (സൗദി സർക്കാർ നിയോഗിക്കുന്ന ഏജൻസിയുടെ പ്രതിനിധി) അനാസ്ഥയാണ് കാരണം. ജിദ്ദ എയർപ്പോർട്ടിൽ നിന്നു ഹാജിമാർക്ക് 30 കിലോ മീറ്റർ അകലെ താമസസ്ഥലമായ അസീസിയിലേക്ക് പോകാൻ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു. മോശം താമസ സൗകര്യമാണ് ലഭിച്ചത്. ഒരേ വിമാനത്തിൽ എത്തിയവരെ വ്യത്യസ്ത ഇടങ്ങളിലായി താമസിപ്പിച്ചു.

കർമ്മങ്ങൾ നിർവഹിക്കാൻ മിനായിലേക്കു തിരിച്ചവർക്ക് 15 മണിക്കൂറിലേറെ കാത്തിരുന്ന ശേഷമാണ് വാഹനം ലഭ്യമായത്. മിനായിൽ കിടക്കാൻ ടെന്റോ മറ്റു പാർപ്പിട സൗകര്യങ്ങളോ ലഭ്യമായില്ല. ഭക്ഷണവും വെള്ളവും കിട്ടാത്തവരുമുണ്ട്.

കേന്ദ്ര സർക്കാരും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും ഫലപ്രദമായി ഇടപെട്ടില്ലെന്ന പരാതി വ്യാപകമാണ്. അടുത്ത വർങ്ങളിലും ദുരിതം ആവർത്തിക്കരുത്. ഇതിന് സൗദി സർക്കാരുമായി കേന്ദ്രം ധാരണയിലെത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മരണം 1000?​

ഹജ്ജ് തീർത്ഥാടനത്തിനിടെ ആയിരത്തിലേറെ മരണം സംഭവിച്ചെന്നാണ് വാർത്താ ഏ‌ജൻസിയായ എ.അഫ്.പി റിപ്പോർട്ട് ചെയ്തത്. കൂടുതലും ഈജിപ്റ്റുകാരാണ്. 90 ഇന്ത്യക്കാരും മരണമടഞ്ഞെന്നാണ് വിവരം. 55 ഡിഗ്രിവരെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സൗദിയിൽ ചൂട്.

Advertisement
Advertisement