പേസ് മേക്കറിലൂടെ ഹൃദയതാളം :​ യോഗയിലൂടെ ജീവിത താളം

Friday 21 June 2024 4:18 AM IST

അടൂർ : പതിന്നാല് വർഷമായി പേസ് മേക്കറിലൂടെയാണ് മണക്കാല തുവയൂർ വടക്ക് സഞ്ജു സദനത്തിൽ എൻ. സോമന്റെ ഹൃദയമിടിക്കുന്നത്. ആ ഹൃദയതാളത്തിന് കൂട്ട് യോഗയും.

ഔദ്യോഗിക ജീവിതത്തിനിടയിലാണ് കടുത്ത പ്രമേഹം മൂലം സോമന്റെ (74)​ ആരോഗ്യം തകരാറിലായത്. 1969 ൽ ഇന്ത്യൻ ആർമിയിൽ മെയിൽ നഴ്സായാണ് ജോലി ആരംഭിച്ചത്. തുടർന്ന് ആർമി ബി.എസ്.സി. എം.എൽ.ടി പഠിപ്പിച്ചു. പിന്നീട് ലാബ് ടെക്‌നീഷ്യനായി. പ്രമേഹം കൂടിയതോടെ ജോലിയിൽ തുടരാൻ ആരോഗ്യം അനുവദിച്ചില്ല. 1986 ൽ ആർമിയിൽ നിന്ന് നായിക്ക് റാങ്കിൽ അനുകൂല്യങ്ങളോടെ പിരിച്ചുവിട്ടു. ആത്മവിശ്വാസത്തിലൂടെ പ്രതിസന്ധിയെ അതിജീവിച്ചായിരുന്നു തുടർന്നുള്ള ജീവിതം. 1987 ൽ സൗദി ആരോഗ്യ വകുപ്പിൽ ജോലി നേടി. 2009 ൽ നാട്ടിൽ മടങ്ങിയെത്തി സ്വന്തമായി ലാബ് തുടങ്ങി 2 വർഷം നടത്തി. ഇതിനിടെ പ്രമേഹം ഹൃദയത്തെ അപകടത്തിലാക്കിയപ്പോഴാണ് പേസ് മേക്കർ ഘടിപ്പിച്ചത്. ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിനായി പിന്നീട് യോഗ പരിശീലനം തുടങ്ങി. ഭാര്യ ശോഭനയാണ് പരിശീലക.

ഇപ്പോൾ വീട്ടിൽ ചെറിയ തോതിൽ കൃഷിയും ചെയ്യുന്നുണ്ട്. മകൻ സഞ്ജു ഐക്യരാഷ്ട സംഘടനയിലെ യൂത്ത് ലീഡറും മരുമകൾ സോനു യു. കെ യിൽ അസിസ്റ്റന്റ് പ്രൊഫസറുമാണ്.

Advertisement
Advertisement