ഇവിടെ റേഷൻ കടകൾ പൂട്ടിപ്പോകുന്നു, പത്തിൽ നിന്ന് കുറഞ്ഞത് നാലായി
കൊച്ചി: നഷ്ടക്കണക്കിൽ ഇടപ്പള്ളി മേഖലയിലെ റേഷൻ കടകൾ പൂട്ടിപ്പോകുന്നു. മാമംഗലം മുതൽ പോണേക്കര വരെയുള്ള ഭാഗങ്ങളിൽ 10 റേഷൻ കടകളാണ് മുമ്പുണ്ടായിരുന്നത്. ഇതിപ്പോൾ നാലായി ചുരുങ്ങി.
ഒരു കട സസ്പെൻഡ് ചെയ്യുകയും ബാക്കിയുള്ളവ നിറുത്തി പോകുകയും ചെയ്തതാണ് പ്രതിസന്ധിക്ക് കാരണം.
കൊവിഡ് കിറ്റ് കമ്മിഷൻ ലഭിക്കാത്തതും അതത് മാസത്തെ വേതനം പതിവായി മുടങ്ങുന്നതും വ്യാപാരികളുടെ കൊഴിഞ്ഞു പോക്കിന് കാരണമായിട്ടുണ്ട്. നിലവിൽ ഒരു കിലോ അരി വിറ്റാൽ ഒരു രൂപ എൺപത് പൈസയാണ് വ്യാപാരിക്ക് ലഭിക്കുക. ഇത് ഉയർത്തണമെന്നുള്ള ആവശ്യവും അധികൃതർ പരിഗണിക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.
കടകൾ നിറുത്തി പോയതോടെ നിലവിലുള്ള കടകളിലേക്ക് വലിയതോതിൽ ആളുകൾ എത്തുന്നുണ്ട്. 150- 200 പേർ വരെ പ്രതിദിനം റേഷൻ വാങ്ങാൻ വരുന്നുണ്ട്. മുമ്പ് ഇതിന്റെ പകുതി ആളുകൾ മാത്രമാണ് എത്തിയിരുന്നത്. ഇതിനുപുറമെ മറ്റ് ജില്ലകളിൽ നിന്ന് വന്ന് താമസിക്കുന്നവരും റേഷൻ വാങ്ങാൻ വരും. പൊതുവിഭാഗത്തിൽ പെടുന്ന പലരും റേഷൻ വാങ്ങാത്തതിനാൽ എല്ലാവർക്കും റേഷൻ നൽകാൻ സാധിക്കുന്നുണ്ടെന്നും ഇവർ പറയുന്നു.
തിരക്ക് കൂടിയതോടെ കട അടയ്ക്കുന്ന സമയവും വൈകുന്നുണ്ട്. ഇതിന്റെ ഇടയിൽ സെർവർ തകരാറും ഇന്റർനെറ്റ് പ്രതിസന്ധിയും കൂടിയാകുമ്പോൾ വലിയ ബുദ്ധിമുട്ടാണ് വ്യാപാരികൾ നേരിടുന്നത്. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നവർ കടവാടകയും തൊഴിലാളിയുടെ വേതനവും കൂടി നൽകുമ്പോൾ നഷ്ടം മാത്രമാണ് ബാക്കി.
പുതിയ ആളുകൾ എത്തുന്നില്ല
ഇടപ്പള്ളി മേഖലയിലെ പൂട്ടിയ റേഷൻ കടകൾ ഏറ്റെടുത്ത് നടത്തുന്നതിന് വിജ്ഞാപനം നടത്തിയെങ്കിലും ആരും എത്തിയില്ല എന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ പറയുന്നു. നിലവിൽ എസ്.സി, എസ്.ടി, അംഗ പരിമിതർ എന്നിവർക്കായിരുന്നു അർഹത. നിലവിൽ ഒരു റേഷൻ കടയ്ക്ക് കൂടി ഇടപ്പള്ളി മേഖലയെ പരിഗണിച്ചിട്ടുണ്ട്. വകുപ്പിൽ നിന്ന് അറിയിക്കുന്ന പ്രകാരം വിജ്ഞാപനം ഇറക്കും.
ഇടപ്പള്ളിയിലെ റേഷൻ കടകൾ
ആകെ- 10
നിലവിലുള്ളവ- 4