ഇംഗ്ളണ്ടിനെ തളച്ച് ഡെന്മാർക്ക്

Friday 21 June 2024 12:54 AM IST

ഇംഗ്ളണ്ട് 1-ഡെന്മാർക്ക് 1

ഫ്രാങ്ക്ഫുർട്ട് : നിലവിലെ റണ്ണേഴ്സ് അപ്പായ ഇംഗ്ളണ്ടിനെ രണ്ടാം മത്സരത്തിൽ സമനിലയിൽ തളച്ച് ഡെൻമാർക്ക്. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ നേടുകയായിരുന്നു. 18-ാം മിനിട്ടിൽ നായകൻ ഹാരി കേനിലൂടെ ഇംഗ്ളണ്ട് സ്കോർ ബോർഡ് തുറന്നപ്പോൾ 34-ാം മിനിട്ടിൽ മോർട്ടൻ ഹ്യൂൽമാൻഡിന്റെ ലോംഗ് ഷോട്ട് ഗോളിലൂടെ ഡെൻമാർക്ക് സമനില പിടിച്ചെടുക്കുകയായിരുന്നു. രണ്ടാം പകുതിയിൽ പോസ്റ്റിലിടിച്ചു പാഴായ ഫിൽ ഫോഡന്റെ ഷോട്ടുൾപ്പടെ നിരവധി ഇംഗ്ളീഷ് പരിശ്രമങ്ങൾ ഫലമില്ലാതെ പോയതോടെ മത്സരം സമനില തെറ്റിക്കാതെ അവസാനിച്ചു.

ആദ്യ മത്സരത്തിൽ സെർബിയയെ 1-0ത്തിന് തോൽപ്പിച്ചിരുന്ന ഇംഗ്ളണ്ട് ഈ സമനിലയോടെ നാലുപോയിന്റുമായി സി ഗ്രൂപ്പിൽ ഒന്നാമതാണ്. സ്ളൊവേനിയയുമായും ഇതേ സ്കോറിന് ആദ്യ മത്സരത്തിൽ സമനിലവഴങ്ങിയിരുന്ന ഡെൻമാർക്ക് രണ്ടുപോയിന്റുമായി രണ്ടാമതുണ്ട്. അടുത്ത ചൊവ്വാഴ്ച സെർബിയയ്ക്ക് എതിരെയാണ് ഡെന്മാർക്കിന്റെ അടുത്ത മത്സരം. ഇംഗ്ളണ്ട് അന്ന് സ്ളൊവേനിയയെ നേരിടും.

ഗോളുകൾ ഇങ്ങനെ

ഇംഗ്ളണ്ട്

18-ാം മിനിട്ട്

ഹാരി കേൻ

ഇംഗ്ളണ്ടിന്റെ ഒരു കൂട്ടായ മുന്നേറ്റത്തിനൊടുവിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. ഇംഗ്ളണ്ടിനെ തടുക്കാനുള്ള ശ്രമത്തിനിടയിൽ ഡെന്മാർക്ക് താരം ആൻഡേഴ്സന്റെ ക്രോസ് ഇംഗ്ളണ്ട് നായകൻ ഹാരി കേനിന്റെ കാലിലെത്തുകയായിരുന്നു. ഒട്ടും സമയം പാഴാക്കാതെ കേൻ പന്ത് വലയിലാക്കി.

ഡെന്മാർക്ക്

34-ാം മിനിട്ട്

മോർട്ടൻ ഹ്യൂൽമാൻഡ്

ഒരു ഗോൾ നേടിയ ശേഷം അലസത കാണിച്ച ഇംഗ്ളണ്ടിന്റെ അലംഭാവമാണ് ഈ ഗോളിന് വഴിയൊരുക്കിയത്. ക്രിസ്റ്റ്യാൻസെന്നിൽ നിന്ന് കിട്ടിയ പന്ത് പോസ്റ്റിന് 30വാരെ അകലെനിന്ന് വലയിലേക്ക് തൊടുക്കാൻ മോർട്ടൻ ഹ്യൂൽമാൻഡ് കാട്ടിയ ധൈര്യം ഈ ഗോളിന് മിഴിവ് പകർന്നു. ഹ്യൂൽമാൻഡിന്റെ ലോംഗ് റേഞ്ചർ വലയിലേക്ക് പാഞ്ഞുകയറുമ്പോൾ ഇംഗ്ളീഷ് ഗോളി പിക്ഫോർഡ് നിസഹായനായിരുന്നു.

4

തുടർച്ചയായ നാലാം മേജർ ടൂർണമെന്റിലാണ് (2018 ലേോകകപ്പ്, 2020യൂറോ കപ്പ്,2022 ലോകകപ്പ്, 2024 യൂറോകപ്പ് ) ഹാരി കേൻ ഇംഗ്ളണ്ടിനായി വലചലിപ്പിക്കുന്നത്. ഇതോടെ കേൻ മൈക്കേൽ ഓവന്റെയും വെയ്ൻ റൂണിയുടെയും റെക്കാഡിനൊപ്പമെത്തി.

13

മേജർ ടൂർണമെന്റുകളിൽ കേയ്ന്റെ 13-മത്തെ ഗോളായിരുന്നു ഇത്. നിലവിൽ കളിക്കുന്ന ഒരു യൂറോപ്യൻ താരവും ഇത്രയും ഗോളുകൾ നേടിയിട്ടില്ല.

Advertisement
Advertisement