ചെങ്കീരിയായി ഷാക്വീരി
സ്വിറ്റ്സർലാൻഡും സ്കോട്ട്‌ലാൻഡും 1-1സമനിലയിൽ പിരിഞ്ഞു
കൊളോൺ : യൂറോ കപ്പിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ സ്വിറ്റ്സർലാൻഡും സ്കോട്ട്‌ലാൻഡും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുന്ന സ്കോട്ട് മക് ടോമിനായിയിലൂടെ സ്കോട്ട്‌ലാൻഡാണ് ആദ്യം സ്കോർ ചെയ്തത്. 13-ാം മിനിട്ടിലായിരുന്നു മക് ഗ്രിഗോറിന്റെ അസിസ്റ്റിൽ നിന്ന് ടോമിനായിയുടെ ഗോൾ പിറന്നത്. കളി മറ്റൊരു 13മിനിട്ട് കൂടി പിന്നിട്ടപ്പോൾ സ്കോട്ട്‌ലാൻഡിന്റെ വലയ്ക്ക് അകത്തേക്കും പന്തെത്തി. മുൻ ലിവർപൂൾ താരം ഷ്റെദാൻ ഷാക്വീരിയുടെ ഗോളിലൂടെയാണ് സ്വിറ്റ്സർലാൻഡ് സമനില പിടിച്ചത്. സ്കോട്ടിഷ് ഡിഫൻഡർ റാൽസന്റെ ലക്ഷ്യം തെറ്റിയ ഷോട്ട് പിടിച്ചെടുത്തായിരുന്നു ഷാക്വീരിയുടെ ഷോട്ട്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഇരുടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളുകൾ പിറന്നതില്ല.
ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഹംഗറിയെ 3-1 ന് തോൽപ്പിച്ചിരുന്ന സ്വിറ്റ്സർലാൻഡിന് ഈ സമനിലയോടെ നാലുപോയിന്റായി. ജർമ്മനിയുമായി 1 -5ന് തോറ്റ് നാണംകെട്ടിരുന്ന സ്കോട്ട്‌ലാൻഡിന് സമനില ആശ്വാസം പകർന്നിട്ടുണ്ട്. ജർമ്മനിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് സ്വിറ്റ്സർലാൻഡ് . സ്കോട്ട്‌ലാൻഡ് ഒരു പോയുന്റുമായി മൂന്നാമതുണ്ട്.
ഞായറാഴ്ച രാത്രി ഗ്രൂപ്പിലെ അവസാന മത്സരങ്ങളിൽ സ്വിറ്റ്സർലാൻഡ് ജർമ്മനിയേയും സ്കോട്ട്‌ലാൻഡ് ഹംഗറിയേയും നേരിടും.
2014 മുതലുള്ള എല്ലാ യൂറോകപ്പുകളിലും ലോകകപ്പുകളിലും സ്വിറ്റ്സർലാൻഡിനായി ഗോൾ നേടിയ താരമായി ഷ്റെദാൻ ഷാക്വീരി മാറി.