വിൻഡീസിന്റെ മുറിവിൽ സാൾട്ട് ഇട്ട് ഇംഗ്ളണ്ട്

Friday 21 June 2024 12:59 AM IST

ട്വന്റി-20 ലോകകപ്പ് സൂപ്പർ എട്ട് മത്സരത്തിൽ ഇംഗ്ളണ്ട് എട്ടുവിക്കറ്റിന് വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചു

47 പന്തുകളിൽ പുറത്താകാതെ 87 റൺസ് നേടിയ ഓപ്പണർ ഫിൽ സാൾട്ട് ഇംഗ്ളണ്ടിന്റെ വിജയശിൽപ്പി

ഗ്രോ ഐലറ്റ് : സ്വന്തം തട്ടകത്തിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിലെ സൂപ്പർ എട്ടിലെ ആദ്യ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ളണ്ടിൽ നിന്ന് എട്ടുവിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങി മുൻ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ്. ഓപ്പണർ ബ്രാൻഡൻ കിംഗിന് പരിക്കേറ്റ് മടങ്ങേണ്ടിവന്ന മത്സരത്തിൽ വിൻഡീസ് ആദ്യം ബാറ്റ്ചെയ്ത് നാലുവിക്കറ്റ് നഷ്ടത്തിൽ180 റൺസ് നേടിയെങ്കിലും ഇംഗ്ളണ്ടിന്റെ ചേസിംഗിനെചെറുക്കാനായില്ല. എട്ടു വിക്കറ്റുകളും 15 പന്തുകളും ബാക്കിനിൽക്കേ അവർ ലക്ഷ്യത്തിലെത്തി. 47 പന്തുകളിൽ ഏഴുഫോറും അഞ്ചു സിക്സുമടക്കം പുറത്താകാതെ 87 റൺസ് നേടിയ ഓപ്പണർ ഫിൽ സാൾട്ടാണ് വിജയശിൽപ്പി. 26 പന്തുകളിൽ പുറത്താകാതെ 48 റൺസ് നേടിയ ജോണി ബെയർസ്റ്റോയുടെ പിന്തുണയും സാൾട്ടിനുണ്ടായിരുന്നു.

പ്രാഥമിക റൗണ്ടിൽ എല്ലാ മത്സരങ്ങളും ജയിച്ചെത്തിയ വിൻഡീസ് സൂപ്പർ എട്ടിലെ ആദ്യ കളിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങുകയായിരുന്നു. ബ്രാൻഡൻ കിംഗും (23 റിട്ട.ഹർട്ട്), ജോൺസൺ ചാൾസും (38) ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും അഞ്ചാം ഓവറിൽ ടീം സ്കോർ 40ൽ നിൽക്കേ കിംഗിന് പരിക്കേറ്റ് മടങ്ങേണ്ടിവന്നു.തുടർന്ന് നിക്കോളാസ് പുരാൻ(36), റോവ്‌മാൻ പവൽ (36),റൂതർഫോഡ് (28) എന്നിവരുടെ കൂട്ടായ പരിശ്രമത്തോടെ 180/4 എന്ന സ്കോറിലെത്തി.

മറുപടിക്കിറങ്ങിയ ഇംഗ്ളണ്ടിന് നായകനും ഓപ്പണറുമായ ജോസ് ബട്ട്‌ലറെ (25) എട്ടാം ഓവറിൽ നഷ്‌ടമായെങ്കിലും ഒരറ്റത്ത് ഫിൽ സാൾട്ട് തകർത്തടിച്ചുനീങ്ങിയത് ആവേശമായി. പിഞ്ച് ഹിറ്ററായി ഇറങ്ങിയ മൊയീൻ അലി (13) 11-ാം ഓവറിൽ മടങ്ങിയതിന് ശേഷമിറങ്ങിയ ബെയർസ്റ്റോയും ഒപ്പം കൂടിയതോടെ കളി ഇംഗ്ളീഷുകാരുടെ കയ്യിലേക്ക് വന്നു. തുടർന്നുള്ള 44 പന്തുകളിൽ 97 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. 26 പന്തുകളിൽ അഞ്ചുഫോറും രണ്ട് സിക്സുകളും ബെയർസ്റ്റോ പറത്തി.

വിൻഡീസ് 180/4 (20)

കിംഗ് 23*, ചാൾസ് 38,പുരാൻ 36,

പവൽ 36,റൂതർഫോഡ് 28

ഇംഗ്ളണ്ട് 181/2 (17.3)

സാൾട്ട് 87*, ബട്ട്‌ലർ 25,

ബെയർസ്റ്റോ 48

97

റൺസ് 44 പന്തുകളിൽ നിന്ന് അടിച്ചുകൂട്ടിയ സാൾട്ട് - ബെയർസ്റ്റോ സഖ്യമാണ് ഇംഗ്ളീഷ് വിജയം ഉറപ്പിച്ചത്.

മാൻ ഒഫ് ദ മാച്ച്

ഫിൽ സാൾട്ട്

47 പന്തുകൾ

7 ഫോറുകൾ

5 സിക്സുകൾ

87 റൺസ്

കിംഗിന്റെ കളി കഴിഞ്ഞു?

ഇംഗ്ളണ്ടിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ വിൻഡീസ് ഓപ്പണർ ബ്രാൻഡൻ കിംഗിന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്ന് റിപ്പോർട്ടുകൾ. മത്സരത്തിൽ ടോപ്‌ലിയെ 101 മീറ്റർ ദൂരത്തേക്ക് സിക്സിന് പറത്തി പകരം പന്തെടുപ്പിച്ച് ആവേശത്തിലായിരുന്ന കിംഗ് സാം കറാനെതിരെ കവർ ഡ്രൈവിന് ശ്രമിച്ചപ്പോൾ അടിതെറ്റി വീണാണ് പരിക്കേറ്റത്. അടിവയറ്റിലും നടുവിനും പരിക്കേറ്റ താരം ബാറ്റിംഗ് തുടരാനാകാതെ മടങ്ങി. ഫീൽഡിംഗിനും ഇറങ്ങിയില്ല.

ശനിയാഴ്ച അമേരിക്കയ്ക്കും തിങ്കളാഴ്ച ദക്ഷിണാഫ്രിക്കയ്ക്കും എതിരെയാണ് വിൻഡീസിന്റെ അടുത്ത മത്സരങ്ങൾ

ഇംഗ്ളണ്ട് വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയേയും ഞായറാഴ്ച അമേരിക്കയേയും നേരിടും.

Advertisement
Advertisement