സ്ഥാനാർത്ഥി ചർച്ചയിലേക്ക് കോൺഗ്രസ് പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനും ചേലക്കരയിൽ രമ്യയ്ക്കും സാദ്ധ്യത
തിരുവനന്തപുരം: പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ അനൗദ്യോഗിക സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്ക് തുടക്കമിട്ട് കോൺഗ്രസ്. പാലക്കാട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനാണ് പ്രഥമ പരിഗണന. മുൻ എം.എൽ.എയും വടകര എം.പിയുമായ ഷാഫി പറമ്പിലിനും ഇതാണ് താത്പര്യം.
പാർട്ടി നേതൃത്വവും പൊതുവേ ഇതിനോട് യോജിക്കുന്നുണ്ടെങ്കിലും വി.ടി.ബൽറാം, മാത്തൂർ മുൻ പഞ്ചായത്ത് പ്രസിഡന്റും കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ശിവരാജൻ എന്നിവരും പരിഗണനയിലുണ്ട്. സിറ്റിംഗ് സീറ്റ് നിലനിറുത്താനും ഇടതുമുന്നണിയേയും ബി.ജെ.പിയേയും പ്രതിരോധിക്കാനും മികച്ച സ്ഥാനാർത്ഥിയെ നിറുത്താനാണ് കോൺഗ്രസ് ശ്രമം.
ചേലക്കരയിൽ രമ്യ ഹരിദാസിനെയാണ് പാർട്ടി പ്രധാനമായും പരിഗണിക്കുന്നത്. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലുൾപ്പെട്ട ചേലക്കരയിൽ കെ.രാധാകൃഷ്ണന്റെ ഭൂരിപക്ഷം 5,173ലേക്ക് കുറച്ച രമ്യയ്ക്ക് വിജയസാദ്ധ്യതയുണ്ടെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്. ഇതിനു പുറമേ വി.കെ. ശ്രീകണ്ഠൻ എം.പിയുടെ ഭാര്യയും കോൺഗ്രസ് നേതാവുമായ കെ.എ. തുളസി, ചിറ്റൂർ നഗരസഭ മുൻ ചെയർപേഴ്‌സൺ കെ.എ.ഷീബ എന്നിവരും പരിഗണനയിലുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയം മുൻനിറുത്തി സീറ്റ് തിരിച്ചു പിടിക്കാമെന്ന ആത്മവിശ്വാസമാണ് യു.ഡി.എഫ് ക്യാമ്പിനുള്ളത്. വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്കാഗാന്ധി കൂടി എത്തുന്നതോടെ ഈ രണ്ട് സീറ്റിലും അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും കോൺഗ്രസ് വിലയിരുത്തുന്നു.