ഞങ്ങളും മനുഷ്യരാണ്,​ ഭയമില്ലാതെ ജീവിക്കണം ബോംബ് പൊട്ടി മരിക്കാൻ ഒരുക്കമല്ലെന്നും സെന

Friday 21 June 2024 3:15 AM IST
സെന മണിയത്ത്

കണ്ണൂർ : 'എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാം,പക്ഷേ, എനിക്ക് ഭയമില്ല, ഭയമില്ലാതെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് സത്യം തുറന്നുപറയുന്നത് "- എരഞ്ഞോളി കൂടക്കളത്ത് ബോംബ് പൊട്ടി വൃദ്ധൻ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായെത്തിയ സെന മണിയത്താണ് ജീവന് ഭീഷണി നേരിടുന്നത്. സെനയുടെ കുടുംബവും ഭീഷണിയുടെ നിഴലിലാണ്. ആളൊഴിഞ്ഞ വീടുകളും പറമ്പുകളും പാർട്ടിക്കാരുടെ ബോംബ് നിർമ്മാണ ഹബ്ബാണെന്ന് മാദ്ധ്യമങ്ങളോട് തുറന്നുപറഞ്ഞ സെന പക്ഷേ, തന്റെ പ്രതികരണങ്ങളിൽ നിന്ന് പിന്നോട്ടില്ല. ഇപ്പോൾ താനും കുടുംബവും ഒറ്റപ്പെടുത്തലിന്റെയും ആക്രമണത്തിന്റെയും വക്കത്താണെന്നും സെന കേരളകൗമുദിയോട് പറഞ്ഞു.

വാർഡ് മെമ്പർ അടക്കമുള്ള സി.പി.എം പ്രവർത്തകർ ഇന്നലെ വീട്ടിലെത്തി സെനയുടെ അമ്മയെ ഭീഷണിപ്പെടുത്തി. മൂന്നു വനിതാപ്രവർത്തകരാണെത്തിയത്.അപ്പോൾ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.മകളെ പറഞ്ഞ് മനസ്സിലാക്കണമെന്ന് അമ്മയോട് അവർ താക്കീത് ചെയ്തു.അവൾ ആരു പറഞ്ഞാലും അനുസരിക്കില്ലെന്ന് അമ്മ മറുപടി നൽകി.നിങ്ങൾ ഇനി ഞങ്ങളെ കൊല്ലുമോ എന്ന് അമ്മ ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞാണ് അവർ വീട്ടിൽനിന്നു പോയത്. 'ഏറിവന്നാൽ അവർ എന്നെ കൊല്ലും അത്രയല്ലെ ഉള്ളൂ ,കൊന്നോട്ടെ,പറയാനുള്ളത് പറയണം,ബോംബ് പൊട്ടി മരിക്കാൻ ഞങ്ങൾക്ക് ആഗ്രഹമില്ല." സെന പറഞ്ഞു.

'അച്ഛന്റെ ബന്ധുക്കളെല്ലാം സി.പി.എമ്മുകാരാണ്. അവരിൽ ചിലർ അമ്മയെ വിളിച്ച് പലതും പറഞ്ഞ് ഭയപ്പെടുത്തുന്നുണ്ട്.അമ്മയുടെ ബന്ധുക്കളും പാർട്ടിക്കാരാണ്. എന്നിട്ടും ഞാൻ ഇങ്ങനെ പറയണമെങ്കിൽ എന്താവും കാരണം. കുഞ്ഞുനാൾ തൊട്ടുള്ള അനുഭവങ്ങൾ അങ്ങനെയാണ്. സി.പി.എമ്മിനെയൊ മറ്റേതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയെയൊ തക‌ർക്കാനോ സഹായിക്കാനോ അല്ല ‌ഞാൻ ഇതു പറയുന്നത്.

ഞാൻ വളർന്നത് ഒരു പാർട്ടി ഗ്രാമത്തിലാണ്. മനുഷ്യനാകണം എന്നല്ലെ അവർ പറയുന്നത്. ഞങ്ങളും മനുഷ്യരാണ്. ഭയപ്പെടാതെ ജീവിക്കണം. അതിനുവേണ്ടിയാണ് പ്രതികരിച്ചത്. അതിൽ എന്റെ വീട്ടുകാരോട് പോയി അന്വേഷിക്കേണ്ട കാര്യമില്ല, പറഞ്ഞത് ഞാനാണ്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് എന്നോട് വേണം തീർക്കാൻ,അല്ലാതെ എന്റെ കുടുംബത്തെ ഉപദ്രവിക്കാൻ പോകരുത്.

കുട്ടികളോട് എന്തു പറയണം?​

പശുവിന് പുല്ലരിഞ്ഞും മറ്റും ജീവിക്കുന്നവരാണ് ഞങ്ങൾ. അശ്രദ്ധമായി വച്ചിരിക്കുന്ന ബോംബ് ഞങ്ങളുടെ ജീവന് ഭീഷണിയാണ്. പുല്ലരിയാൻ പോകുമ്പോൾ ബോംബ് പൊട്ടി ആളുകൾ മരിക്കുന്നു,കുട്ടികൾ കളിക്കുമ്പോൾ ബോംബ് പൊട്ടി മരിക്കുന്നു, കൈകാലുകൾ നഷ്ടമാകുന്നു. ഞങ്ങൾ എന്തു ചെയ്യും?കുട്ടികളോട് കളിക്കരുതെന്ന് പറയാൻ പറ്റുമോ? ആര് സത്യം പറഞ്ഞാലും അവരെ നശിപ്പിക്കും. ഞങ്ങളെ ഇവിടെ ജീവിക്കാൻ അനുവദിക്കണം, ഇനി ജീവിക്കാൻ അനുവദിച്ചില്ലെങ്കിലും സാരമില്ല, ഞാൻ പറയുന്നത് എനിക്ക് വേണ്ടിയല്ല. ഇവിടെ ജീവിക്കുന്ന എല്ലാവർക്കും വേണ്ടിയാണെന്നും സെന പറഞ്ഞു.

Advertisement
Advertisement