പരസ്യങ്ങൾ ചെയ്‌ത് പണം വാരുന്ന ഇൻഫ്ലുവൻസർമാർക്ക് അടുത്ത മാസം മുതൽ പണി കിട്ടും, പിഴ രണ്ടര ലക്ഷം

Friday 21 June 2024 11:19 AM IST

അബുദാബി: ജൂലായ് ഒന്ന് മുതൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരിൽ നിന്ന് വൻ തുക പിഴ ഈടാക്കാനൊരുങ്ങി അബുദാബി ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇക്കണോമിക് ഡെവലപ്‌മെന്റ്. ലൈസൻസില്ലാതെ കമ്പനികളുടെയോ സ്ഥാപനങ്ങളുടെയോ പരസ്യങ്ങൾ ചെയ്യുന്ന ഇൻഫ്ലുവൻസർമാരിൽ നിന്നാണ് 10,000 ദിർഹം (227624 രൂപ) വരെ പിഴ ഈടാക്കുന്നത്. മാത്രമല്ല, ഈ കമ്പനികൾ അടച്ചുപൂട്ടാനും സാദ്ധ്യതയുണ്ട്.

ലൈസൻസുകൾ എളുപ്പത്തിൽ നേടാൻ സാധിക്കുമെന്നാണ് ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇക്കണണോമിക് ഡെവലപ്‌മെന്റ് പറയുന്നത്. ഇത് 'ടാം'(Tamm ) എന്ന പ്ലാറ്റ്‌ഫോമിലൂടെ ഓൺലൈനായി നിങ്ങൾക്ക് ചെയ്യാവുന്നതാണ്. അതിൽ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇക്കണണോമിക് ഡെവലപ്‌മെന്റ് എന്ന ഓപ്‌ഷൻ എടുത്ത ശേഷം നിങ്ങൾ ഏത് തരം പരസ്യങ്ങളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറക്കാൻ പോകുന്നതെന്ന് വ്യക്തമാക്കേണ്ടതാണ്. വ്യക്തികൾക്ക് 1,250 ദിർഹവും (28,453 രൂപ) കമ്പനികൾക്ക് 5,000 ദിർഹവുമാണ് (113812 രൂപ) ഫീസ്. എമിറേറ്റ്‌സ് ഐഡി ഉണ്ടെങ്കിൽ രാജ്യത്തിന് പുറത്തുള്ളവർക്കും ലൈസൻസ് നേടാം.

സമൂഹ മാദ്ധ്യമങ്ങൾ വഴി പരസ്യങ്ങൾ നൽകുന്ന സർക്കാർ കമ്പനികൾക്കും ഈ തീരുമാനം ബാധകമാണ്. ദേശീയ മാദ്ധ്യമ കൗൺസിലിന്റെ അനുമതി ഉണ്ടെങ്കിലും ഇൻഫ്ലുവൻസർമാർക്ക് ലൈസൻസ് വേണമെന്നും ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇക്കണണോമിക് ഡെവലപ്‌മെന്റ് വ്യക്തമാക്കി. നിലവിൽ, ലൈസൻസുള്ള 543പേരാണുള്ളത്. പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഇതിന്റെ എണ്ണം വർദ്ധിക്കുമെന്നാണ് കരുതുന്നത്.

യുഎഇയിൽ ലൈസൻസോടെ ബിസിനസ് നടത്തുന്നവർ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസ‌ർമാരുടെ സഹായത്തോടെ പര്സ്യങ്ങൾ നൽകുമ്പോൾ പാലിക്കേണ്ട നിബന്ധനകളെക്കുറിച്ച് നേരത്തേ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. ഇത് ലംഘിക്കുന്നവരെ തടങ്കലിലാക്കുകയോ 3000 ദിർഹം (68287 രൂപ) മുതൽ 10,000 ദിർഹം (227624 രൂപ) വരെ പിഴ ഈടാക്കുമെന്നും സാമ്പത്തിക വികസന വകുപ്പ് അറിയിച്ചിരുന്നു.