'പഠനങ്ങളെല്ലാം നിലവാരമില്ലാത്തത്, യോഗമൂലം ഗുരുതര ശാരീരിക അപകടങ്ങൾ ഉണ്ടാകുന്നു' ഡോക്‌ടർ സുൽഫി നൂഹു

Friday 21 June 2024 12:13 PM IST

മറ്റ് വ്യായാമങ്ങളെക്കാൾ യോഗ നല്ലതാണെന്ന് തെളിയിക്കുന്ന യാതൊരു തെളിവുമില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ ഭാരവാഹി ഡോ. സുൽഫി നൂഹു. 30 മിനിട്ട് നടത്തവും കായിക ഇനങ്ങളും നീന്തലും ജീവിതശൈലി രോഗങ്ങളെ തടയുമെന്നും ആയുസ് വർദ്ധിപ്പിക്കുമെന്നും ശാസ്‌‌ത്രസമൂഹം അസന്നിഗ്ദ്ധമായി തെളിയിച്ചിട്ടുണ്ടെന്ന് പറയുന്ന ഡോ. സുൽഫി നൂഹു ഇത്തരം രോഗങ്ങൾ മാറ്റാൻ യോഗ ഒരു ഗുണവും ഉണ്ടാക്കുന്നില്ലെന്ന് കുറിക്കുന്നു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ഡോക്‌ടർ തന്റെ വാദം വ്യക്തമാക്കുന്നത്.

യോഗയെക്കുറിച്ച് നിലവിൽ ലഭ്യമായിട്ടുള്ള പഠനങ്ങളെല്ലാം നിലവാരമില്ലാത്തതാണ്. ആംഗ്‌സൈറ്റി കുറയ്‌ക്കും, മനസിന് സ്വസ്ഥത നൽകുമെന്നൊക്കെയാണ് അതിൽ പറയുന്നതെന്നും അദ്ദേഹം കുറിക്കുന്നു. അതേസമയം യോഗമൂലം ഗുരുതര ശാരീരിക അപകടങ്ങൾ ഉണ്ടാകുന്നതായി വ്യക്തവും ശക്തവുമായ പഠനങ്ങളുണ്ടെന്നും കുറിപ്പിലുണ്ട്.

ശാസ്‌ത്രസമൂഹം ജീവിതശൈലീ രോഗങ്ങളും മറ്റ് പ്രശ്‌നങ്ങളും അകലുന്നതിന് നിർദ്ദേശിക്കുന്ന മാർഗങ്ങൾ ചെയ്‌തശേഷം സമയം അനുവദിക്കുകയാണെങ്കിൽ അൽപം യോഗ ചെയ്‌തുകൊള്ളാൻ ഡോ.സുൽഫി നൂഹു പറയുന്നു.

ഡോ.സുൽഫി നൂഹുവിന്റെ പോസ്‌റ്റ്:

യോഗയും പുകവലിയും

'ഡോക്ടർക്കെന്താ യോഗയോടിത്ര വെറുപ്പ്'? ചോദ്യം വന്നത് കേരളം അറിയുന്ന പ്രശസ്തനായ രാഷ്ട്രീയ നേതാവിൽ നിന്നായിരുന്നു. എനിക്കല്ല എതിർപ്പെന്നും ശാസ്ത്രം മറ്റൊന്നാണ് പറയുന്നതെന്നും ഞാൻ പറഞ്ഞു നോക്കിയെങ്കിലും അദ്ദേഹം വീണ്ടും തുടർന്നു 'ന്യയോർക്കിലെ ജോൺ ഓഫ് കെന്നടി എയർപോർട്ടിൽ പോലും യോഗ ചെയ്യാൻ വലിയ വിശാലമായ സ്ഥലമുണ്ട്. അതറിയൊ?' ഞാൻ കവർ പോയിന്റിന് മുകളിലൂടെ സിക്സർ പായിക്കുന്ന ഭാവത്തിൽ മറുപടി നൽകി 'തൊട്ടപ്പുറത്ത് ഒരു പുകവലി മുറിയും കൂടിയുണ്ട്' പൊന്തി മുളച്ച ചിരി മറക്കാൻ ശ്രമിച്ച് , തോളിൽ തട്ടി അദ്ദേഹം നടന്നു നീങ്ങുന്നത് ഞാൻ സാകൂതം നോക്കി നിന്നു. യോഗയ്ക്ക് ഇപ്പോഴും തെളിവില്ല തന്നെ. മറ്റ് വ്യായാമങ്ങളെക്കാൾ നല്ലതാണെന്ന് തെളിയിക്കുന്ന ഒരു തെളിവും നമുക്കില്ല. മറിച്ച് ബഹുദൂരം പിന്നിലും. അതുകൊണ്ടുതന്നെ നിലപാടിൽ ഒരു പൊടി പോലും മാറ്റമില്ല. ഈ കാലമത്രയും അറിയപ്പെടുന്ന ജേർണലുകളൊ പ്രശസ്തമായ ഏജൻസികളോ പ്രൊഫഷണൽ ബോഡികളോ നടത്തിയ പഠനങ്ങളിൽ എല്ലാം തന്നെയും യോഗ മറ്റ് വ്യായാമങ്ങളെക്കാൾ ബഹുദൂരം പിന്നിലാണെന്ന് വീണ്ടും വീണ്ടും വിളിച്ചോതുന്നു. ജീവിതശൈലി രോഗങ്ങക്കൊ മറ്റു രോഗങ്ങൾക്കോ ഒന്നും തന്നെയും യോഗ പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാക്കുന്നില്ല. മറിച്ച് ലോകം ശാസ്ത്ര സമൂഹം വീണ്ടും വീണ്ടും അസന്നിഗ്ദ്ധമായി തെളിയിച്ച 30 മിനിറ്റ് നടത്തം മറ്റു കായിക വിനോദങ്ങൾ നീന്തൽ തുടങ്ങിയവയൊക്കെ തന്നെ ജീവിതശൈലി രോഗങ്ങളെയും തടയുമെന്നും ആയുർദൈർഘ്യം കൂട്ടുമെന്നും അസന്നിഗ്ധമായി തെളിയിക്കപ്പെട്ടിരിക്കുന്നു. ഇതൊക്കെ ചെയ്തു കഴിഞ്ഞ് വീണ്ടും സമയം ലഭ്യമെങ്കിൽ വെറുതെ ഒരു രസത്തിന് അല്പം യോഗ വേണമെങ്കിൽ ചെയ്‌തോളൂ. പക്ഷേ അതും വളരെ സൂക്ഷിച്ച് വേണം. യോഗ മൂലം ഗുരുതരമായ ശാരീരിക അപകടങ്ങൾ ഉണ്ടാക്കുന്നു എന്നുള്ളതിനും വ്യക്തമായ ശക്തമായ പഠനങ്ങൾ ഉണ്ട്. യോഗയെ കുറിച്ച് നിലവിൽ ലഭ്യമായ പഠനങ്ങൾ ഒക്കെ തന്നെയും ഒട്ടുംതന്നെ നിലവാരമില്ലാത്തതാണ്. അതിൽ പോലും അല്പം ആങ്‌സൈറ്റി കുറയ്ക്കും എന്നും മനസ്സിന് സ്വസ്ഥത നൽകുമെന്നൊക്കെ അവകാശപ്പെടുന്നുണ്ട്. എനിക്കതിന് പാട്ട് കേട്ടാൽ മതി. തെളിവില്ലാത്തതിനെ സ്വീകരിക്കുവാൻ ശാസ്ത്രബോധം അനുവദിക്കുന്നില്ല തന്നെ. ഇഷ്ടപ്പെട്ട എഴുത്തുകാരനായ റോബിൻ ശർമയുടെ 'ദി മോങ് ഹു സോൾഡ് ഹിസ് ഫെരാരി' യോഗയെ കുറിച്ചും വാതോരാതെ സംസാരിക്കുന്നുണ്ട്. അത് ലോകത്തെമ്പാടും ഉണ്ടാക്കിയ ഇമ്പാക്ട് ചെറുതൊന്നുമല്ല. അദ്ദേഹത്തിന്റെ നല്ല പുസ്തകങ്ങൾ മറക്കുന്നില്ല. 'ഫെറാറി' ചവറ്റുകുട്ടയിൽ എറിയേണ്ട പുസ്തകം. അദ്ദേഹത്തിന്റെ മറ്റു പല പുസ്തകങ്ങളും വളരെ മികച്ചതെങ്കിലും! രാഷ്ട്രങ്ങളുടെ മുൻപിൽ ഞങ്ങളുടേതെന്ന് പറയുവാൻ ഈ ഉടായിപ്പ് യോഗക്ക് പകരം മറ്റെന്തെങ്കിലും കണ്ടെത്താൻ കഴിയട്ടെ. തൽക്കാലം യോഗ പടിക്ക് പുറത്ത്!

ഡോ സുൽഫി നൂഹു