കോഴിക്കോട്ട് നിയന്ത്രണംവിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചുകയറി, രണ്ടുപേർ മരിച്ചു

Friday 21 June 2024 12:36 PM IST

കോഴിക്കോട്: നിയന്ത്രണംവിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. കോഴിക്കോട് കൂടരഞ്ഞി കുളിരാമുട്ടിലാണ് സംഭവം. കുളിരാമുട്ടി സ്വദേശികളായ സുന്ദരൻ പുളിക്കുന്നത്ത് (62), ജോൺ കമുങ്ങുംതോട്ടിൽ (65) എന്നിവരാണ് മരിച്ചത്. ഇവർ കടവരാന്തയിൽ ഇരിക്കവെയാണ് അപകടമുണ്ടായത്. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. പൂവാറൻതോടിൽ നിന്നും ഇറക്കം ഇറങ്ങി വരുന്നതിനിടെയാണ് പിക്കപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയത്. കടയുടമ ജോമോൻ, പിക്കപ്പ് ഡ്രൈവർ മുഹമ്മദ് റിയാസ്, ശിഹാബുദ്ദീൻ തേക്കുംകുറ്റി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി എസ്‌ഐക്ക് ഗുരുതര പരിക്ക്

പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി എസ്‌ ഐക്ക് പരിക്ക്. ഇന്നലെ പാലക്കാട് നായടിപ്പാറയിൽ വച്ചായിരുന്നു അപകടം. രണ്ടുപേരാണ് ജീപ്പിലുണ്ടായിരുന്നത്. എസ്‌ ഐ ശിവദാസന്റെ അരക്കെട്ടിന് പൊട്ടലുണ്ട്. ഇദ്ദേഹത്തെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവർ ഷമീർ പരിക്കില്ലാതെ രക്ഷപ്പെട്ടു.

ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. രാത്രികാല പരിശോധനയുടെ ഭാഗമായി മണ്ണാർക്കാട് പോയി തിരികെ വരുന്ന വഴിയായിരുന്നു അപകടം. റോഡിൽ മരക്കൊമ്പ് കിടക്കുന്നത് കണ്ട് വെട്ടിച്ചതോടെ സമീപത്തെ കടയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ജീപ്പിന്റെയും കടയുടെയും മുൻഭാഗം തകർന്നിട്ടുണ്ട്.