ശിവരഞ്ജിത്തും നസീമും എം.എ ആദ്യ സെമസ്റ്ററിൽ പോലും എട്ടുനിലയിൽ പൊട്ടി
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും എം.എ ഒന്നാം സെമസ്റ്റർ പരീക്ഷയിൽ തോറ്റ മാർക്ക് ലിസ്റ്റ് പുറത്തായി.എം.എ.ഫിലോസഫി വിദ്യാർത്ഥികളാണ് ഇരുവരും. 2018ലാണ് ശിവരഞ്ജിത്ത് ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതിയത്. ഒന്നാം സെമസ്റ്ററിലെ നാലു പേപ്പറുകൾക്കും പരാജയപ്പെട്ട ശിവരഞ്ജിത്ത് 2019ൽ വീണ്ടും ഈ പരീക്ഷകളെഴുതി എന്നാൽ ഇക്കുറി നില മെച്ചമാക്കിയെങ്കിലും പാസാവാനായില്ല. ആദ്യത്തെ തവണ ക്ലാസിക്കൽ ഇന്ത്യൻ ഫിലോസഫിക്ക് നാല് മാർക്ക് മാത്രമാണ് ഇയാൾക്ക് നേടാനായത്.
രണ്ടാം തവണ കിട്ടിയത് പന്ത്രണ്ട് മാർക്ക്. ഇതിനെ തുടർന്നാണ് വളഞ്ഞ വഴിയിലൂടെ ജയിക്കാൻ യൂണിവേഴ്‌സിറ്റി ഉത്തര കടലാസുകൾ ശേഖരിച്ചതെന്നാണ് അനുമാനം. നസീമിന്റെ പരീക്ഷ ഫലവും ഏതാണ്ട് ശിവരഞ്ജിത്തിന്റേതിന് സമാനമാണ്. എന്നാൽ ചില വിഷയങ്ങളിൽ അമ്പത് ശതമാനത്തിന് മുകളിൽ നസീം നേടിയിട്ടുണ്ട്. പക്ഷേ എല്ലാ വിഷയങ്ങളിലും വിജയിക്കാനാവാത്തതിനാൽ സെമസ്റ്റർ വിജയം നേടാനായില്ല. ഇവർക്ക് പി.എസ്.സി പരീക്ഷയിൽ ഒന്നാം സ്ഥാനമുൾപ്പടെ കിട്ടിയത് സംശയകരമാണെന്ന ആക്ഷേപം ഇതോടെ ശക്തമായി. ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയ ഉത്തരക്കടലാസിൽ പ്രണയലേഖനവും സിനിമാപ്പാട്ടും കണ്ടെത്തിയതോടെയാണ് സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഇവർ ഇടം പിടിച്ചതിനെ കുറിച്ചുള്ള സംശയം ബലപ്പെട്ടത്.
ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ പേരിലുള്ള വ്യാജസീലും ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു.
ആയുർവേദ കോളേജിന് സമീപത്തെ പരിശീലന കേന്ദ്രത്തിൽ കോച്ചിംഗിനായി പോയതുകൊണ്ടാണ് പി.എസ്.സി പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടിയതെന്നാണ് തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾക്ക് തടയിടാനായി ശിവരഞ്ജിത്ത് നിരത്തുന്ന ന്യായം.
റാങ്ക് ലിസ്റ്റിലുൾപ്പെട്ട നസിമിനും പ്രണവിനുമൊപ്പം കോളേജിൽ കമ്പയിൻ സ്റ്റഡിനടത്തിയിരുന്നതായും പൊലീസിനോട് ശിവരഞ്ജിത്ത് പറഞ്ഞിട്ടുണ്ട്.