മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരം, കെഎസ്‌യു-എസ്‌എഫ്ഐ മാർച്ചിൽ സംഘർഷം

Friday 21 June 2024 3:47 PM IST

മലപ്പുറം: മലബാറിലെ പ്ലസ് വൺ സീറ്റിലെ പ്രതിസന്ധിയെ തുടർന്ന് ഇന്നും കോഴിക്കോട്ടും മലപ്പുറത്തും എസ്എഫ്ഐയുടേയും കെഎസ്‌യുവിന്റെയും നേതൃത്വത്തിൽ പ്രതിഷേധം നടന്നു. കോഴിക്കോട്ട് കമ്മീഷണർ ഓഫീസിന് മുന്നിലേക്ക് നടന്ന കെഎസ്‍യു മാർച്ചിൽ വൻ സംഘർഷമുണ്ടായി. നിലവിലെ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് എസ്എഫ്ഐയും അറിയിച്ചു.

എംഎസ്എഫ് മലപ്പുറത്തുനടത്തിയ പ്രതിഷേധ സമരത്തിലും പൊലീസുമായി വാക്കേറ്റം നടന്നു. മലപ്പുറത്തേയും കോഴിക്കോട്ടെയും വിദ്യാഭ്യാസ വകുപ്പ് ഓഫീസുകൾക്ക് മുന്നിലാണ് പ്രതിഷേധ പരിപാടികൾ നടന്നത്. അധിക ബാച്ചുകൾ അനുവദിച്ച് പ്രശ്നം പരിഹരിക്കണമെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനുവും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നിവേദനം നൽകിയിട്ടുണ്ട്. പരിഹാരമുണ്ടാക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി വി പി സാനു പറഞ്ഞു.വിദ്യാർത്ഥികൾക്ക് ആവശ്യമായ സീറ്റുകളില്ല എന്നത് യാഥാർത്ഥ്യമാണ്. ഇഷ്ടമുള്ള കോഴ്സുകൾ പഠിക്കുന്നതിനും മലപ്പുറത്ത് അടക്കം പ്രതിസന്ധി നേരിടുന്നുണ്ടെന്ന് സാനു വ്യക്തമാക്കി.

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ സുപ്രീംകോടതി സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സാനു അറിയിച്ചു. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ടെസ്റ്റിംഗ് ഏജൻസി പിരിച്ചുവിടണമെന്നും പരീക്ഷ എഴുതിയവർക്ക് നഷ്ടപരിഹാരം നൽകണമെന്നും സാനു അറിയിച്ചു.

Advertisement
Advertisement