ഓൺലൈൻ തട്ടിപ്പിന് കേരളം ചാകര, കഴിഞ്ഞ ആറുമാസം  തട്ടിയത് 617.59 കോടി

Saturday 22 June 2024 4:50 AM IST

#തിരിച്ചുപിടിച്ചത് 9.67 കോടി മാത്രം #നിയമസഭയിൽ കണക്ക് നിരത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകാർ കഴിഞ്ഞ ആറുമാസത്തിനിടെ കേരളത്തിൽ നിന്ന് തട്ടിച്ചത് 617.59 കോടി രൂപ ! തിരിച്ചുപിടിക്കാനായത് 9.67 കോടി മാത്രം. കഴിഞ്ഞ ഡിസംബർ മുതൽ മേയ് വരെ നഷ്ടപ്പെട്ട തുകയാണിത്. വൻതുക കിട്ടുമെന്ന പ്രലോഭനത്തിലും,​ കേസിൽ കുടുക്കുമെന്ന് സി.ബി.ഐ ചമഞ്ഞുള്ള ഭീഷണികൾക്ക് വഴങ്ങിയും,​ ലോൺ ആപ്പുകളിൽ തലവച്ചും,​ മൊബൈലിലെത്തുന്ന ഒ.ടി.പി പങ്കിട്ടുമാണ് മിക്കവരും തട്ടിപ്പിനിരയാകുന്നത്.

പാഴ്സലിൽ മയക്കുമരുന്നുണ്ടെന്ന് വീഡിയോ കാൾ ചെയ്‌ത് ഭീഷണിപ്പെടുത്തി മുംബയ് പൊലീസിന്റെ സൈബർ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനെന്ന വ്യാജേനയും കോടികൾ തട്ടിയിട്ടുണ്ട്. ഉത്തരേന്ത്യയും മറ്റു രാജ്യങ്ങളും കേന്ദ്രീകരിച്ച് നടത്തുന്ന തട്ടിപ്പായതിനാൽ അന്വേഷണത്തിന് പരിമിതികളുണ്ട്. ഇന്നലെ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ വെളിപ്പെടുത്തിയത്.

നജീബ് കാന്തപുരം, എൻ. ഷംസുദ്ദീൻ, യു.എ. ലത്തീഫ്, എ.കെ.എം. അഷ്‌റഫ് എന്നിവരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്.

മേയിൽ മാത്രം 181 കോടി (ഓരോ മാസവും തട്ടിയതും തിരിച്ചുപിടിച്ചതും ചുവടെ)

മാസം----------------- തട്ടിയ തുക---------തിരിച്ചെടുത്ത തുക

2023 ഡിസം--------- 54.31കോടി---------- 73.47 ലക്ഷം

2024 ജനു.----------- 32.84 കോടി------------- 84.57ലക്ഷം

2024 ഫെബ്രു.------ 126.86 കോടി ------------1.87 കോടി

2024 മാർച്ച്.--------- 86.11 കോടി ---------- 1.65 കോടി

2024 ഏപ്രിൽ--------136.28 കോടി------- 3.30 കോടി

2024 മേയ്-------------181.17 കോടി ------- 1.25 കോടി

2023ൽ 201 കോടി

ഓൺലൈൻ തട്ടിപ്പുകാർ 2023ൽ കേരളത്തിൽ നിന്ന് തട്ടിയെടുത്തത് 201 കോടി രൂപ. 23,753 പരാതികൾ ലഭിച്ചു. ഷെയർമാർക്കറ്റ് തട്ടിപ്പുകളിൽ മാത്രം 3,394 പേർക്ക് 74 കോടി നഷ്ടപ്പെട്ടു.

പ്രൊഫഷണലുകളും ഇര (അഞ്ചുമാസത്തെ കണക്ക്)

 ഐ.ടി വിദഗ്ദ്ധർ-93

 ഡോക്ടർ-55

 ഗവ. ഉദ്യോഗസ്ഥർ-60

 അദ്ധ്യാപകർ-39

 ബാങ്കുദ്യോഗസ്ഥർ-31

 സൈനിക ഉദ്യോഗസ്ഥർ-27

 വിദേശമലയാളികൾ-80

 വീട്ടമ്മമാർ-93

 വ്യാപാരികൾ-123

 സ്വകാര്യ ജീവനക്കാർ-327

ഓൺലൈൻ ട്രേഡിംഗിൽ മൂന്നിരട്ടി 'ലാഭക്കെണി'

1. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് വഴിയാണ് പ്രലോഭനം. ചെറിയ തുക നിക്ഷേപിക്കുന്നവർക്ക് അമിതലാഭം നൽകും. ഇതോടെ വൻതുക നിക്ഷേപിക്കും. രണ്ടോ മൂന്നോ ഇരട്ടി ലാഭം ലഭിച്ചതായി അറിയിക്കും. പക്ഷേ, പണം പിൻവലിക്കാനാകില്ല. ജി.എസ്.ടിയെന്ന പേരിൽ കൂടുതൽ പണം കൈക്കലാക്കുകയും ചെയ്യും.

2. പണം നഷ്ടമായി രണ്ടു മണിക്കൂറിനകം 1930 എന്ന ഹെൽപ്പ് ലൈനിൽ അറിയിച്ചാൽ തിരിച്ചുപിടിക്കാം. മിക്കപ്പോഴും 10 ദിവസം വരെ കഴിഞ്ഞാണ് പരാതി കിട്ടാറുള്ളത്. അതിനകം തട്ടിപ്പുകാർ പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയിരിക്കും.

പരാതിപ്പെടാം

9497980900

(പൊലീസ് വാട്സ്ആപ്)

1930

(ടോൾഫ്രീ നമ്പർ)

www.cybercrime.gov.in