പൗർണമിക്കാവിൽ ഇന്ന് ശനീശ്വര വിഗ്രഹ പ്രാണപ്രതിഷ്ഠ

Saturday 22 June 2024 4:09 AM IST

ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയത്

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശനീശ്വര വിഗ്രഹത്തിന് ഇന്ന് പൗർണമിക്കാവിൽ പ്രാണപ്രതിഷ്ഠ. 20 ടൺ ഭാരവും 18 അടി ഉയരവുമുള്ള കൃഷ്ണശിലയിൽ കൊത്തിയെടുത്തതാണ് വിഗ്രഹം. മഹാരാഷ്ട്രയിലെ ഷിഗ്നാപ്പൂർ ശനി ക്ഷേത്രത്തിലെ മുഖ്യപുരോഹിതരായ സന്ദീപ് ശിവാജി മുല്യയും സഞ്ജയ് പത്മാകർ ജോഷിയുമാണ് പൂജാകർമ്മങ്ങൾ നടത്തുന്നത്.

ശനീശ്വരന്റെ 45 അടി ഉയരമുള്ള ശ്രീകോവിലാണ് പ്രധാന ആകർഷണം. കൃഷ്ണശിലയിൽ കൊത്തുപണികളുള്ള കൽത്തൂണുകളും തേക്ക് തടിയിൽ തീർത്ത മേൽക്കൂരയ്ക്ക് മുകളിൽ ചെമ്പ് പാളി പൊതിഞ്ഞതുമാണ് ശ്രീകോവിൽ. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശിയാണ് ശ്രീകോവിൽ സമർപ്പിച്ചിരിക്കുന്നത്. സംസ്‌കൃത സർവകലാശാല അദ്ധ്യാപകൻ രാധാകൃഷ്ണ ശിവനാണ് വാസ്തു നിർണയിച്ചത്.

ക്ഷേത്ര മഠാധിപതി സിൻഹാ ഗായത്രി, ക്ഷേത്ര ജ്യോതിഷി മലയിൻകീഴ് കണ്ണൻ നായർ, ക്ഷേത്ര മേൽശാന്തി സജീവൻ, വർക്കല ലാൽ ശാന്തി തുടങ്ങിയവരും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. ഇന്ന് വെളുപ്പിന് 4 മുതൽ രാത്രി 10 വരെ നട തുറന്നിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. വിവിധ കലാപരിപാടികളും നടക്കും.

Advertisement
Advertisement