ബാർട്ടൺഹിൽ എൻജി.വിദ്യാർത്ഥിയുടെ നേട്ടം: രോഗിയുടെ സ്കാൻ  ത്രീഡിയിൽ കാണാം 

Saturday 22 June 2024 4:22 AM IST

ഡോ.കേശവദാസും അലോഷിയും

ശസ്ത്രക്രിയകൾക്ക് തുണയാവും
# വഴികാട്ടിയത് ശ്രീചിത്രയിലെ ഡോക്ടർ

തിരുവനന്തപുരം:സിനിമ സ്ക്രീനിൽ ദൃശ്യമാകുന്നതുപോലെ രോഗികളുടെ സി.ടി, എം.ആർ.ഐ സ്കാനുകളും കാണാം. മുറിയിലെ വെളുത്ത ചുവർ മതിയാകും. ത്രീഡി ദൃശ്യങ്ങളായി കാണാം.

രോഗനിർണയവും ശസ്ത്രക്രിയകളും സുഗമവും സൂക്ഷ്മവുമാക്കാൻ സഹായിക്കുന്ന ഈ സോഫ്ട് വെയറും സംവിധാനവും വികസിപ്പിച്ചത് തിരുവനന്തപുരം ബാർട്ടൺ ഹിൽ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ്. നാലാംവർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥി അലോഷിയുടെ നേതൃത്വത്തിൽ ഒരുവർ‌ഷമെടുത്താണ് വിജയം കണ്ടത്.

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ (എസ്.സി.ടി.ഐ.എം.എസ്.ടി) ഡോക്ടർമാരാണ് രോഗീപരിചരണം മെച്ചപ്പെടുത്താൻ ത്രീഡി സ്കാനുകൾ സഹായിക്കുമെന്ന ആശയം വിദ്യാർത്ഥികൾക്ക് നൽകിയത്. ഇന്ന് ശ്രീചിത്രയിൽ ആദ്യമായി മോഡൽ പ്രദർശിപ്പിക്കും.

ഇവിടത്തെ റേഡിയോളജി വിഭാഗം ഡോക്ടർ കേശവദാസ് ആണ് പ്രോജക്ടിന് നേതൃത്വം നൽകിയത്. പ്രത്യേകതരം കീ ബോ‌ർഡും മൗസുമാണ് ഉപയോഗിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായ എംബഡയിറ്റ് എന്ന കമ്പനി സാങ്കേതിക പിന്തുണ നൽകുന്നുണ്ട്. ഇതേ കമ്പനിയിൽ അലോഷിക്ക് നിയമനവും ലഭിച്ചു.

കമ്പ്യൂട്ടർ, പ്രൊജക്ടർ,

പിന്നെ വെളുത്ത ചുവരും

1.രോഗിയുടെ സി.ടി സ്കാൻ ഫയൽ രൂപത്തിൽ കമ്പ്യൂട്ടറിലേക്ക് അപ് ലോഡ് ചെയ്യണം. ഈ ഫയലിനെ സോഫ്റ്റ്‌വെയർ ത്രീഡി രൂപത്തിലാക്കും.

2. കംപ്യൂട്ടർ രണ്ട് പ്രൊജക്ടറുമായി ബന്ധിപ്പിച്ചിരിക്കും. ഇതിലൂടെ വൈറ്റ് സ്ക്രീനിലോ മറ്റ് പ്രതലങ്ങളിലോ ചിത്രങ്ങൾ ത്രീഡി ഗ്ലാസ് ഉപയോഗിച്ച് കാണാം. ത്രീഡി ആയതിനാൽ ചിത്രത്തിന്റെ ആഴവും കാണാനാവും.

3. ഏത് അവയവത്തിന്റെ സ്കാനും കാണാം. രോഗബാധിതമായ ഭാഗം വലിപ്പംകൂട്ടി കാണാം. തലച്ചോറിലെ അർബുദങ്ങൾ സൂക്ഷ്മമമായി തിരിച്ചറിയാം.അതിലോലമായ ഞരമ്പുകൾവരെ കൃത്യമായി കാണാം. എല്ലിലെ പൊട്ടലുകളും ചതവുകളും തിരിച്ചറിയാം. രോഗിയെ കാണിക്കാനും കഴിയും.

മെഡി.പഠനത്തിനും

ഉപകാരപ്രദം

മനുഷ്യന്റെ ശരീരഘടന മെഡിക്കൽ വിദ്യാർത്ഥികളെ പഠിപ്പിക്കാനും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നുണ്ട്.

ശ്രീചിത്രയും ബാർട്ടൺഹില്ലും സംയുക്തമായി സാങ്കേതികവിദ്യയുടെ പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്.

ആരോഗ്യരംഗത്തിന് മുതൽകൂട്ടായിരിക്കും ഈ സാങ്കേതികവിദ്യ. കൂടുതൽ ഫീച്ചറുകൾ കൊണ്ടുവരാൻ വിദ്യാ‌ർത്ഥികൾ ശ്രമിക്കുന്നുണ്ട്.

അരുൺ,

ശ്രീചിത്രയിലെ എൻജിനിയർ

Advertisement
Advertisement