പത്തനംതിട്ട നഗരത്തിന്റെ ദാഹമകറ്റാൻ അമൃത് 2.O

Saturday 22 June 2024 12:28 AM IST

പത്തനംതിട്ട : നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം എന്ന ലക്ഷ്യവുമായി അമൃത് 2.O സമഗ്ര ശുദ്ധജല പദ്ധതി പുരോഗമിക്കുന്നു. 25 കോടിയോളം രൂപയാണ് പദ്ധതി ചെലവ്. ഇതിന്റെ ഭാഗമായി അച്ചൻകോവിലാറ്റിലെ കല്ലറക്കടവിൽ ഇൻടേക്ക് വെൽ നിർമ്മിച്ചു. മൂന്നര കോടി ചെലവിട്ട് പ്രദേശത്തെ പൈപ്പ്ലൈൻ പുനസ്ഥാപിക്കുന്ന പണികൾ പുരോഗമിക്കുകയാണ്.

പുതിയ ജലസംഭരണികൾ സ്ഥാപിക്കുന്നതിനായി നഗരത്തിലെ ഉയരം കൂടിയ പ്രദേശങ്ങളായ പൂവമ്പാറ, വഞ്ചിപ്പൊയ്ക, പരുവപ്ലാക്കൽ എന്നിവിടങ്ങളിൽ സ്ഥലം കണ്ടെത്തി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചു.

അമൃത് 2.O

പുതിയ കുടിവെള്ള സ്രോതസ് കണ്ടെത്തൽ, ആധുനിക ജലശുദ്ധീകരണ സംവിധാനം, പുതിയ ജല സംഭരണികൾ, നിലവിലെ ജലവിതരണ ശൃംഖല മെച്ചപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങളാണ് അമൃത് പദ്ധതി വിഭാവനം ചെയ്യുന്നത്.

ജലശുദ്ധീകരണ പ്ലാന്റും ഉടൻ

പാമ്പൂരിപ്പാറയിലെ വാട്ടർ അതോറിട്ടിയുടെ സ്ഥലത്ത് സ്ഥാപിക്കുന്ന ആധുനിക ജലശുദ്ധീകരണ പ്ലാന്റിന്റെ ആദ്യഘട്ടം സർക്കാർ അംഗീകാരത്തോടെ ടെൻഡർ നടപടികളിലേക്ക് കടന്നു. 10 ദശലക്ഷം ലിറ്റർ ശേഷിയുള്ള ആദ്യഘട്ടത്തിന്റെ ടെക്നിക്കൽ, ഫിനാൻഷ്യൽ കരാറുകൾ പൂർത്തിയായി. ഉയർന്ന പ്രദേശങ്ങളെ ജലവിതരണ ശൃംഖലയുടെ ഭാഗമാക്കുന്നതിനായി 8 കോടി 70 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അടുത്ത അമൃത് മിഷൻ യോഗത്തിൽ അനുമതി ലഭിക്കുന്നതിനായി പദ്ധതി സമർപ്പിച്ച് കാത്തിരിക്കുകയാണ് നഗരസഭ.

25 കോടിയുടെ പദ്ധതി

ജൽജീവൻ പദ്ധതി പ്രകാരം മൈലപ്ര വരെ മണിമല ഡാമിൽ നിന്നുള്ള വെള്ളം ജല അതോറിറ്റി എത്തിക്കുന്നുണ്ട്. ഇത് നഗരസഭാ അതിർത്തി വരെ ദീർഘിപ്പിച്ച് നഗരത്തിൽ വെള്ളം എത്തിക്കുന്നതിനുള്ള ക്രമീകരണവും നടപ്പാക്കാൻ ശ്രമം നടക്കുന്നുണ്ട്.

ഒരു പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് സമ്പൂർണ്ണ പരിഹാരം എന്ന മാതൃക മുന്നോട്ടുവയ്ക്കുകയാണ് പത്തനംതിട്ട നഗരസഭാ ഭരണസമിതി. ഗുണനിലവാരമുള്ള ജലം നഗരവാസികൾക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

അഡ്വ. ടി. സക്കീർ ഹുസൈൻ

നഗരസഭാ ചെയർമാൻ

Advertisement
Advertisement