എഡ്യൂപോർട്ടിന് രാജ്യാന്തര പുരസ്കാരം
കോഴിക്കോട്: പ്രമുഖ വിദ്യാഭ്യാസ സ്‌റ്റാർട്ടപ്പായ എഡ്യൂപോർട്ടിന് അന്താരാഷ്ട്ര പുരസ്‌കാരം. ലണ്ടൻ എഡ്‌ടെക് വീക്കിന്റെ ഭാഗമായ എഡ്‌ടെക്. എക്‌സ് അവാർഡിൽ ഫോർമൽ എജ്യുക്കേഷൻ (കെ12) വിഭാഗത്തിലാണ് എഡ്യൂപോർട്ട് രണ്ടാം സ്ഥാനത്തെത്തിയത്. ജൂൺ 10 മുതൽ 20 വരെ നടന്ന ലണ്ടൻ എഡ്‌ടെക് വീക്കിൽ എഡ്യൂപോർട്ട് സി.ഇ. ഒ അക്ഷയ് മുരളീധരൻ അവാർഡ് ഏറ്റുവാങ്ങി. ലോകത്തിലെ മികച്ച എഡ്‌ടെക് സ്റ്റാർട്ടപ്പുകൾ മാറ്റുരച്ച വേദിയിലാണ് എഡ്യൂപോർട്ട് അംഗീകാരം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ആദ്യ സ്ഥാപനമാണ്.
അഡാപ്‌റ്റ് എന്ന എ. ഐ ലേണിംഗ് പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ മാറ്റം വരുത്തിയ എഡ്യൂപോർട്ടിന്റെ ശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്. 12ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പഠന രീതിക്കും വേഗതയ്ക്കും ഇണങ്ങുന്ന വ്യക്തിഗത പരിശീലനം നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ നൽകുന്ന പഠന രീതിയാണ് അഡാപ്‌റ്റ്. എഴാം ക്ലാസുമുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികൾക്കായി ട്യൂഷൻ, എൻട്രൻസ് പരിശീലനം എന്നിങ്ങനെ വിവിധ തരം കോഴ്‌സുകളാണ് നൽകുന്നത്.
എഡ്യൂപോർട്ടിന് ലഭിച്ച പുരസ്‌കാരത്തിൽ അതിയായ സന്തോഷമുണ്ടെന്ന് സി.ഇ.ഒ അക്ഷയ് മുരളീധരൻ പറഞ്ഞു.
നിർമ്മിത ബുദ്ധി വിദ്യാഭ്യാസ മേഖലയിൽ വരുത്താൻ പോകുന്ന വലിയ മാറ്റങ്ങളിലേക്ക് ഒരു സുപ്രധാന ചുവടായി അവാർഡിനെ കാണുന്നതായി എഡ്യൂപോർട്ടിന്റെ സ്ഥാപകൻ അജാസ് മുഹമ്മദ് ജൻഷീർ പറഞ്ഞു.