സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിൽ ഇ.പിക്കും മുകേഷിനും രൂക്ഷ വിമർശനം

Saturday 22 June 2024 12:38 AM IST

കൊല്ലം: പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ എൽ.ഡി.എഫ് സംസ്ഥാന കൺവീനർ ഇ.പി.ജയരാജനും കൊല്ലത്തെ സ്ഥാനാർത്ഥിയായിരുന്ന എം. മുകേഷ് എം.എൽ.എയ്ക്കും രൂക്ഷ വിമർശനം.

ബി.ജെ.പി നേതാവ് പ്രകാശ് ജാവേദ്കർ തന്നെ കണ്ട വിവരം പോളിംഗ് ദിനത്തിൽ ഇ.പി.ജയരാജൻ വെളിപ്പെടുത്തിയതും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. കേരളത്തിൽ അഞ്ചിടത്ത് ബി.ജെ.പിക്ക് നല്ല സ്ഥാനാർത്ഥികളാണെന്ന പരാമർശമുണ്ടായി. ചിലയിടങ്ങളിൽ എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്നും പറഞ്ഞു. ഇങ്ങനെ ബി.ജെ.പിക്ക് അനുകൂലമായ പല പ്രസ്താവനകളുമുണ്ടായി. ഇത് പാർട്ടി പ്രവർത്തകരിൽ തന്നെ വലിയ അസ്വസ്ഥത സൃഷ്ടിച്ച സാഹചര്യത്തിൽ ഇ.പിക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവും ഉയർന്നു. സ്ഥാനാർത്ഥിയെന്ന നിലയിൽ മുകേഷിന്റെ ഭാഗത്ത് നിന്ന് ആത്മാർത്ഥമായ പ്രവർർത്തനം ഉണ്ടായില്ല. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ പലതും റദ്ദാക്കേണ്ട സാഹചര്യം ഉണ്ടായി. ഇത് സ്ഥാനാർത്ഥിക്കെതിരെ പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെ അവമതിപ്പ് സൃഷ്ടിച്ചുവെന്ന് പലരും ഉന്നയിച്ചു. വർഷങ്ങൾക്ക് ശേഷം ജില്ലാ സെക്രട്ടേറിയറ്റിൽ പിണറായിക്കെതിരെ നേരിയ ശബ്ദം ഉയർന്നു. മുഖ്യമന്ത്രിയുടെ ശൈലി ജനങ്ങൾക്കിടയിൽ കടുത്ത അതൃപ്തിയുണ്ടെന്നും ഈ ശൈലി തിരുത്തണമെന്നും ആയിരുന്നു ആവശ്യം.

സംസ്ഥാനത്ത് പൊതുവേയുണ്ടായത് പോലെ ജില്ലയിലും ഇടതുപക്ഷ വോട്ടുകൾ ബി.ജെ.പിക്കും യു.ഡി.എഫിനും ചോർന്നുവെന്ന തുറന്നുപറച്ചിലുമുണ്ടായി. ഹിന്ദുവോട്ടുകളാണ് കൂടുതൽ ചോർന്നത്. കൂടുതൽ ഹിന്ദുക്കളുള്ള പാർട്ടിയെന്ന പ്രതീതി സി.പി.എമ്മിന് നഷ്ടമായതാണ് ഇതിന്റെ കാരണം. ഇത് സംസ്ഥാനത്താകമാനം ബി.ജെ.പിക്ക് ഗുണം ചെയ്തുവെന്നും ഒരംഗം ചൂണ്ടിക്കാട്ടി.

Advertisement
Advertisement