അർജന്റീന അടി തുടങ്ങി

Friday 21 June 2024 11:53 PM IST

കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ അർജന്റീന 2-0ത്തിന് കാനഡയെ തോൽപ്പിച്ചു

ന്യൂയോർക്ക് : കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിൽ വിജയത്തുട‌ക്കമിട്ട് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന . ന്യൂയോർക്കിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപ‌ടിയില്ലാത്ത രണ്ടുഗോളുകൾക്ക് കാനഡയെയാണ് ലയണൽ മെസിയും സംഘവും കീഴടക്കിയത്.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 49-ാം മിനിട്ടിൽ ജൂലിയൻ അൽവാരേസും 88-ാം മിനിട്ടിൽ ലൗതാരോ മാർട്ടിനെസുമാണ് അർജന്റീനയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. മെസിയുടെ മിഡ്ഫീൽഡ് പാടവമാണ് ഈ രണ്ട് ഗോളുകൾക്കും പിന്നിൽ. സ്കോർ ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും മികച്ച പ്രകടനം പുറത്തെടുത്ത മെസിയാണ് മത്സരത്തിലെ മികച്ച താരമായത്. രണ്ടാം പകുതിയിൽ ഗോളി മാത്രം മുന്നിൽ നിൽക്കേ ഒരു ഓപ്പൺ ചാൻസും അവസാന സമയത്ത് ഒരു ഫ്രീകിക്ക് ചാൻസും മെസി സൃഷ്ടിച്ചിരുന്നു.

26ന് ചിലിക്കെതിരെയും 30ന് പെറുവിന് എതിരെയുമാണ് അർജന്റീനയുടെ ഗ്രൂപ്പ് റൗണ്ടിലെ അടുത്ത മത്സരങ്ങൾ. കാനഡ 26ന് പെറുവിനെയും 30ന് ചിലിയേയും നേരിടും.

ഗോളുകൾ ഇങ്ങനെ

1-0

49-ാം മിനിട്ട്

ജൂലിയൻ അൽവാരസ്

മദ്ധ്യനിരയിൽ നിന്ന് മെസി ഒരുക്കി നൽകിയ പന്തുമായി മുന്നേറിയ മക് അലിസ്റ്ററിൽ നിന്ന് കിട്ടിയ പാസാണ് അൽവാരസ് ഗോളാക്കി മാറ്റിയത്.

2-0

88-ാം മിനിട്ട്

ലൗതാരോ മാർട്ടിനെസ്

അൽവാരസിന് പകരക്കാരനായി കളത്തിലെത്തിയ ലൗതാരോയ്ക്ക് ഗോളടിക്കാൻ പാകത്തിൽ ബോക്സിന് പുറത്തുനിന്ന് മെസി പന്തെത്തിക്കുകയായിരുന്നു.

18

മാസങ്ങൾക്ക് ശേഷമാണ് ജൂലിയൻ അൽവാരസ് അർജന്റീനയ്ക്ക് വേണ്ടി ഗോൾ നേടുന്നത്. 2022 ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെയായിരുന്നു ഇതിനുമുമ്പുള്ള ഗോൾ. അൽവാരസിന്റെ എട്ടാമത്തെ അന്താരാഷ്ട്ര ഗോളും കോപ്പയിലെ ആദ്യ ഗോളുമാണിത്.

7

കോപ്പ അമേരിക്ക ടൂർണമെന്റുകളിൽ കളിക്കുന്ന ആദ്യ അർജന്റീനിയൻ താരമായി ലയണൽ മെസി. 2007,2011,2015,2016,2019,2021 വർഷങ്ങളിലെ കോപ്പകളിലാണ് മെസി ഇതിനുമുമ്പ് കളിച്ചിട്ടുള്ളത്.

35

കോപ്പ അമേരിക്ക ടൂർണമെന്റിലെ മെസിയു‌ടെ 35-ാമത് മത്സരമായിരുന്നു ഇത്. ഏറ്റവും കൂടുതൽ കോപ്പ മത്സരങ്ങൾ കളിച്ച ചിലിയൻ താരം സെർജിയോ ലിവിംഗ്സ്റ്റണിന്റെ റെക്കാഡ് മെസി തകർത്തു. 13 ഗോളുകൾ ഇത്രയും മത്സരങ്ങളിൽ നിന്ന് മെസി നേടിയിട്ടുണ്ട്.

Advertisement
Advertisement