ജില്ലയുടെ പടിക്ക് പുറത്താക്കി, 'കുത്തി' തുറന്ന് മന്ത് രോഗം
കൊല്ലം: പടിക്ക് പുറത്താക്കിയ മന്ത് രോഗം വീണ്ടും ജില്ലയിൽ സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് നടത്തിയ രക്തപരിശോധനയിലാണ് അന്യസംസ്ഥാന തൊഴിലാളികളിൽ മൈക്രോ ഫൈലേറിയയുടെ (കുഞ്ഞു വിര) സാന്നിദ്ധ്യം കണ്ടെത്തിയത്.
ഒഡീഷ, ബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ചവറയിലെത്തിയ പത്തോളം അന്യസംസ്ഥാന തൊഴിലാളികളിലാണ് അണുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. വ്യാപനം തടയാനും ചികിത്സ നൽകാനും ആരോഗ്യവകുപ്പ് രംഗത്തെത്തി. പ്രദേശത്ത് ഫോഗിംഗ് ഉൾപ്പെടെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ആരോഗ്യ വകുപ്പിന്റെ മിസ്റ്റ് (മൊബൈൽ ഇമിഗ്രന്റ്‌സ് സ്‌ക്രീനിംഗ് ടീം) അംഗങ്ങൾ രാത്രികാലങ്ങളിൽ പരിശോധന ഊർജ്ജിതമാക്കി. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന് കീഴിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. തദ്ദേശവാസികൾക്ക് മന്ത് രോഗ ലക്ഷണങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല.
രണ്ട് വയസിൽ താഴെ പ്രായമുള്ള കുട്ടികൾ, ഗർഭിണികൾ, കാൻസർ, വൃക്കരോഗങ്ങൾ ഉള്ളവർ ഒഴികെ എല്ലാവർക്കും മന്ത് രോഗ ഗുളിക കഴിക്കാം. ആരോഗ്യ പ്രവർത്തകരുടെയോ പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരുടെ നിർദ്ദേശാനുസരണം ആഹാരത്തിനുശേഷമാണ് ഗുളികകൾ കഴിക്കേണ്ടത്.
കൊതുകുകൾ വഴി രോഗം
രോഗവാഹകരുടെ രക്തം കുടിക്കുന്ന ക്യൂലക്‌സ്, മൻസോണിയ വിഭാഗം കൊതുകുകൾ വഴി രോഗം പകരും
മനുഷ്യശരീരത്തിലെ ലസിക ഗ്രന്ഥികളിലും കുഴലുകളിലുമാണ് മന്ത് വിരകൾ ജീവിക്കുക്കുക
മൈക്രോ ഫൈലേറിയ (ചെറിയ വിരകൾ) രക്തത്തിൽ കാണപ്പെടും
വർഷങ്ങൾ കഴിയുമ്പോഴാണ് രോഗലക്ഷണങ്ങൾ പ്രകടമാവുക
ലക്ഷണം
കൈകാലുകൾ, വൃഷണങ്ങൾ, സ്തനങ്ങൾ എന്നിവയിൽ വീക്കവും വൈരൂപ്യവും
കുളിര്, വിറയൽ, ശക്തമായ പനി, തലവേദന, നീരുള്ള ഭാഗങ്ങളിൽ തടിപ്പ്, വേദന
ചികിത്സ
വർഷത്തിൽ ഒരുതവണ ഓരോ ഡോസ് ഡി.ഇ.സി, ആൽബൻഡസോൾ ഗുളികകൾ കഴിച്ച് മന്തുരോഗ നിവാരണം നടത്താം.
കുട്ടികൾക്ക് (2-5 വയസ്) - ഡി.ഇ.സി 1 (100 എം.ജി)
6 മുതൽ 14 വയസ് - ഡി.ഇ.സി 2
15 വയസിന് മുകളിൽ - ഡി.ഇ.സി 3
മന്ത് രോഗ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി എല്ലാമാസവും പരിശോധന നടത്തുന്നുണ്ട്.
ആരോഗ്യവകുപ്പ് അധികൃതർ