സെഞ്ച്വറിയടിച്ച് തക്കാളിയും, ഇങ്ങനെപോയാല്‍ മലയാളിക്ക് കഞ്ഞി മാത്രം കുടിച്ച് ജീവിക്കേണ്ടി വരും

Saturday 22 June 2024 12:10 AM IST

തിരുവനന്തപുരം: ജനത്തിന് ഇരുട്ടടിയായി മീനിനും മാംസത്തിനും പച്ചക്കറിക്കും വില കുതിച്ചുയരുന്നു.തക്കാളി വില കിലോയ്ക്ക് 100രൂപയായി.ആന്ധ്രയിലും തമിഴ്‌നാട്ടിലും മഴ കുറഞ്ഞതോടെ വിളവ് കുറഞ്ഞതാണ് കാരണം. ട്രോളിംഗ് നിരോധനമായതിനാല്‍ പച്ചക്കറിവില കൂടാറുണ്ടെങ്കിലും വരവ് കുറഞ്ഞതാണ് അമിത വിലയ്ക്ക് കാരണം. സാമ്പത്തിക പ്രതിസന്ധി മൂലം സര്‍ക്കാര്‍ വിപണിയിലിടപെടാന്‍ മടിക്കുകയാണ്.

ഒരാഴ്ചക്കിടെ ബീന്‍സിനും പാവക്കയ്ക്കും കിലോയ്ക്ക് 100 രൂപയായി. മുരിങ്ങയ്ക്ക് 80 രൂപയുമായി.കിലോയ്ക്ക് 20 രൂപയുള്ള ചുരയ്ക്കക്ക് മാത്രമാണ് വില കൂടാത്തത്.ട്രാേളിംഗ് നിരോധനം കാരണം മീന്‍വരവ് കുറയുകയും വില കുതിച്ച് ഉയരുകയും ചെയ്തു.

ഹാര്‍ബറില്‍ ഒരു കിലോ ചാളയ്ക്ക് 250 രൂപയാണ് ലേലവില. ചന്തയില്‍ 300രൂപയ്ക്ക് മേലാകും. പല ചന്തകളിലും 100 രൂപയ്ക്ക് 45 ചാളയാണ് വില്‍ക്കുന്നത്. കേരച്ചൂരയുടെ വില കിലോയ്ക്ക് 700 രൂപ വരെയായി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് കേരച്ചൂര എത്തുന്നത്.മിക്ക മീനുകളുടെയും വില കിലോയ്ക്ക് 250 കടന്നു.

380 മുതല്‍ 420 രൂപ വരെയാണ് പോത്തിറച്ചിയുടെ വില. എല്ലില്ലാത്തതിന് 420രൂപ നല്‍കണം. മൂരിയിറച്ചിയ്ക്ക് 420 രൂപയാണ്. ആട്ടിറച്ചിയ്ക്ക് 800 രൂപയായി. അതേസമയം, കിലോയ്ക്ക് 300 വരെ എത്തിയ കോഴിയിറച്ചിയ്ക്ക് 220 രൂപയായി. കോഴി കിലോയ്ക്ക് 184ല്‍ നിന്ന് 140-130 രൂപയായി.

ഉണക്കമീനിന്റെ വിലയും കൂടി. ഉണക്ക നത്തലിന് 100ല്‍ നിന്ന് 200ആയും ഉണക്കമത്തി 150ല്‍ നിന്ന് 320ആയും ഉണക്കമുളളന്റേത് 130ല്‍ നിന്ന് 350രൂപയായും കൂടി.

പച്ചക്കറി വില

(ബ്രാക്കറ്റില്‍ കഴിഞ്ഞയാഴ്ചത്തെ വില)

തക്കാളി.............................100 (50)
ഉണ്ട പച്ചമുളക്.............. 160 (100)
സവാള................................ 48 (30)
മല്ലിയില........................... 165 (250260)
വെളുത്തുള്ളി...................195 (140)
ഇഞ്ചി................................. 220 (140)
കാരറ്റ്................................ 102 (50)
മുരിങ്ങ...............................195 (60)

ബീന്‍സ്................................120(74)

ഇറച്ചി

ചിക്കന്‍.....................................200
ബീഫ്(പോത്ത്)....................... 420
മൂരി.......................................... 400

പന്നിയിറച്ചി........................... 380
മട്ടണ്‍.......................................... 800

Advertisement
Advertisement