പാർട്ടിയിൽ ഒറ്റപ്പെടുത്തൽ നീക്കത്തിനെതിരെ ചെന്നിത്തല പക്ഷം

Saturday 22 June 2024 1:44 AM IST

□നിഷേധിച്ച് ഔദ്യോഗിക വിഭാഗം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനിടയിലും സംസ്ഥാന

കോൺഗ്രസിൽ കല്ലുകടി. തിരഞ്ഞെടുപ്പിൽ പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനം വഹിച്ച

കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയെ ഒറ്റപ്പെടുത്തുന്നുവെന്ന

ആക്ഷേപമാണ് അദ്ദേഹത്തിന്റെ ക്യാമ്പ് ഉയർത്തുന്നത്. ഇതിനി അനുവദിക്കില്ലെന്നും വേണ്ടി വന്നാൽ പരസ്യ പ്രതികരണത്തിന് ചെന്നിത്തല തയാറാവുമെന്നുമാണ്

മുന്നറിയിപ്പ്.

കഴിഞ്ഞ കുറെക്കാലമായി പാർട്ടിയിൽ അദ്ദേഹത്തിന് അവഹേളനം നേരിടേണ്ടി വരുന്നുവെന്നാണ് പരാതി. വ്യാഴാഴ്ച നടന്ന യു.ഡി.എഫ് യോഗത്തിൽ ചെന്നിത്തലയ്ക്ക് സംസാരിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും, യു.ഡി.എഫ് കൺവീനർ എം.എം.ഹസനും അവസരം നൽകിയില്ല. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുക്കാതെ ചെന്നിത്തല മടങ്ങി . എന്നാൽ, പ്രസംഗിക്കാൻ ക്ഷണിച്ചപ്പോൾ താൻ പ്രസംഗിക്കുന്നില്ലെന്ന് അദ്ദേഹം ആംഗ്യത്തിലൂടെ വ്യക്തമാക്കിയെന്നാണ് കോൺഗ്രസ് നേതാക്കൾ വിശദീകരിക്കുന്നത്. പിന്നീട് ഇക്കാര്യ മാദ്ധ്യമങ്ങളെ അറിയിച്ചതിലും നേതൃത്വത്തിന് അമർഷമുണ്ട്.

ഇതിന് മുമ്പ് നടന്ന യു.ഡി.എഫ് യോഗം ചെന്നിത്തലയെ അറിയിച്ചില്ലെന്ന് പരാതി ഉയർന്നിരുന്നു. എന്നാൽ അദ്ദേഹം കുടുംബസമേതം വിദേശ സന്ദർശനത്തിലായതിനാൽ പേഴ്സണൽ സ്റ്റാഫിനെ കാര്യങ്ങൾ ധരിപ്പിച്ചെന്നും അദ്ദേഹത്തിന് സന്ദേശമയച്ചെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു..

Advertisement
Advertisement