രമേഷ് പൂച്ചാക്കൽ ഇനി പിന്നണി ഗായകൻ  കേരളകൗമുദിയിലൂടെ വൈറലായ പാട്ടുകാരൻ

Saturday 22 June 2024 2:14 AM IST
രമേഷ് പൂച്ചാക്കലും മുരളികുന്നുംപുറവും

കൊച്ചി: സിനിമയിൽ പാടാൻ പോകുന്നതിന്റെ നിറചിരിയിലാണ് മരപ്പണിക്കാരൻ രമേഷ് പൂച്ചാക്കൽ. ജോലിക്കിടെ 'വികാരനൗകയുമായി" എന്ന പാട്ടുപാടി​ കേരള കൗമുദിയിലൂടെയാണ് രമേഷ് വൈറലായത്. നിർമ്മാതാവ് മുരളി കുന്നുംപുറത്താണ് അവസരമൊരുക്കുന്നത്. വിഷ്ണു ശശിധരന്റെ സംവിധാനത്തിലൊരുങ്ങുന്ന 'സുമതിവളവ്" എന്ന ചിത്രത്തിലാണ് രമേഷ് പാടുന്നത്. രഞ്ജിൻ രാജാണ് സംഗീതം.

പൂച്ചാക്കലിലെ റോയൽ ഫർണീച്ചർ സ്ഥാപനത്തിലിരുന്ന് ജോലിക്കിടെ രമേഷ് പാടുന്ന വീഡിയോ കേരളകൗമുദി ഓൺലൈനിലൂടെ കണ്ട മുരളി ഫോൺ നമ്പർ തേടിപ്പിടി​ച്ച് വിളിക്കുകയായിരുന്നു. തുടർന്ന് നേരിട്ടെത്തി അഭിനന്ദിക്കുകയും ചെയ്തിരുന്നു. തന്റെ അടുത്തസിനിമയിൽ പാടാൻ അവസരം നൽകുമെന്ന് വാക്കു നൽകിയാണ് മുരളി മടങ്ങിയത്. 'സുമതിവളവിന്റെ" കഥയും തിരക്കഥയും അഭിലാഷ് പിള്ളയാണ് നിർവഹിച്ചിരിക്കുന്നത്. അടുത്തമാസം ഷൂട്ടിംഗ് ആരംഭി​ക്കും. ജയസൂര്യ നായകനായി​ പ്രജേഷ് സെൻ ഒരുക്കി​യ 'വെള്ളം" സിനിമ മുരളിയുടെ ജീവിതകഥ ആധാരമാക്കിയായിരുന്നു.

'രമേഷിനെ പാടിക്കണമെന്ന എന്റെ ആഗ്രഹം അണിയറപ്രവർത്തകരോട് പങ്കുവച്ച് വൈറലായ പാട്ട് കേൾപ്പിച്ചപ്പോൾ എല്ലാവർക്കും വലിയ സന്തോഷമായി. ഈ ശബ്ദം നമ്മുടെ സിനിമയിലൂടെ പരിചയപ്പെടുത്തുന്നതിന്റെ ആഹ്ളദത്തിലാണ്".

- മുരളി കുന്നുംപുറം,

'ഇങ്ങനെയൊക്കെ വരുമെന്ന് കരുതിയതല്ല. സിനിമയിൽ പാടാൻ വിളിക്കുമെന്ന് പറഞ്ഞ മുരളിയേട്ടൻ അവസരമൊരുക്കിയതിലുള്ള സന്തോഷത്തിലാണ്. ഇതിനൊക്കെ നന്ദി പറയേണ്ടത് കേരളകൗമുദിയോടാണ്. പണിശാലയിലുരുന്നു പാടിയ പാട്ട് കേരള കൗമുദിയിലൂടെയാണ് ലോകമറിഞ്ഞത്".

രമേഷ് പൂച്ചാക്കൽ

Advertisement
Advertisement