 താങ്ങുവിലയും നെല്ലിന് താങ്ങാകില്ല:................ പാടമൊഴിഞ്ഞത് 1.​15 ലക്ഷം കർഷകർ

Saturday 22 June 2024 2:36 AM IST

ആലപ്പുഴ: ഉത്പാദനച്ചെലവ് വർദ്ധിച്ചതോടെ രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് കൃഷി മതിയാക്കിയത് 1,​15,​324 നെൽ കർഷകർ. 487.58 കോടിയുടെ നഷ്ടമുണ്ടാകുകയും ചെയ്തിട്ടും പ്രശ്നപരിഹാരമില്ലെന്നാണ് കർഷകസംഘടനകൾ പറയുന്നത്. കേന്ദ്രത്തിന്റെ താങ്ങുവിലയ്‌ക്കും കർഷകർക്ക് തുണയായില്ല.

അഞ്ചുവർഷത്തിനിടെ വളത്തിനും കീടനാശിനിക്കുമുണ്ടായ വിലക്കയറ്റവും കൂലിച്ചെലവും കർഷകരെ കടക്കാരാക്കി. നെല്ലിന്റെ കൈകാര്യ ചെലവായി ക്വിന്റലിന് സർക്കാർ നൽകുന്ന 12 രൂപ 18 വർഷം മുമ്പ് പ്രഖ്യാപിച്ചതാണ്. പിന്നീടിത് പരിഷ്കരിച്ചിട്ടില്ല. പ്രകൃതി ക്ഷോഭങ്ങളിലടക്കമുണ്ടായ വിളനാശവും കർഷകർക്ക് ഇരുട്ടടിയായി. വരൾച്ച കാരണം രണ്ടാം കൃഷിയിൽ 1.73 ലക്ഷം മെട്രിക് ടൺ നെല്ലാണ് കുറഞ്ഞത്.

സർക്കാർ കണക്ക് പ്രകാരം 55 ക്വിന്റലാണ് ഒരു ഹെക്ടറിലെ ഉത്പാദനം. പക്ഷേ വേനൽക്കെടുതിയിൽ ഇത്തവണ 28.32 ക്വിന്റലാണ് ശരാശരി ലഭിച്ചത്. കിലോയ്ക്ക് 28.20 രൂപ ക്രമത്തിൽ 79,862 രൂപയേ കർഷകന് ലഭിക്കൂ. ഏതാണ്ട് അരലക്ഷം രൂപയുടെ മുടക്കുമുതൽ നഷ്ടം. പമ്പിംഗ് സബ്സിഡിയും കൈകാര്യച്ചെലവും കുടിശികയാകുമ്പോൾ നഷ്ടം കൂടും.

പാട്ടത്തുക,വിത്ത്,കൂലിച്ചെലവ് ഉൾപ്പെടെ ഒരു ഹെക്ടറിലെ കൃഷിക്കുള്ള ആകെ ചെലവ്- 1,25,674 രൂപ

കർഷകന് കിട്ടേണ്ട കുടിശികകൾ ഹെക്ടർ ക്രമത്തിൽ

 റോയൽറ്റി- 3000

 പ്രൊഡക്ഷൻ ഇൻസന്റീവ്- 1000 രൂപ (നെൽകൃഷി പ്രോത്സാഹനാർ‌ത്ഥം)

 സുസ്ഥിര നെൽകൃഷി വികസന പദ്ധതി- 5500

 പമ്പിംഗ് സബ്സിഡി -1800 (പാടശേഖരങ്ങൾക്ക്)

 പമ്പിംഗ് സബ്സിഡി -2500 (കരിനിലങ്ങൾ)

ഓരോവർഷവും നെൽകൃഷി ചെയ്തവർ

 2021-22........... 3,09,845

 2022-23............2,49,305

 2023-24............1,​94,​521

നെല്ലുത്പാദനം

 2022-23.......7.31 ലക്ഷം മെട്രിക് ടൺ

 2023-24.......5.58ലക്ഷം മെട്രിക് ടൺ

 കുറവ്.........1.73ലക്ഷം മെട്രിക് ടൺ

കുട്ടനാട് പാക്കേജിൽ ഡോ. എം.എസ്. സ്വാമിനാഥൻ നിർദ്ദേശിച്ചതുപോലെ ഉത്പാദനച്ചെലവിന്റെ ഒന്നരമടങ്ങെങ്കിലും സംഭരണവിലയായി നൽകിയാലേ നെൽക്കൃഷി നിലനിൽക്കൂ

- സോണിച്ചൻ പുളിങ്കുന്ന്,​ നെൽ കർഷക സംരക്ഷണ സമിതി

Advertisement
Advertisement