ഹൈറിച്ച് ഷോപ്പി: പ്രത്യേക കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Saturday 22 June 2024 2:38 AM IST

കൊച്ചി: തൃശൂർ ആസ്ഥാനമായ ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ സ്വത്ത് ബഡ്‌സ് ആക്ട് പ്രകാരം താത്കാലികമായി ജപ്തിചെയ്തത് സ്ഥിരപ്പെടുത്തിയ തൃശൂർ പ്രത്യേകകോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. താത്കാലിക ജപ്തി 60 ദിവസത്തിനകം ബന്ധപ്പെട്ട കോടതി സ്ഥിരപ്പെടുത്തണമെന്നാണ് നിയമം. സമയപരിധി കഴിഞ്ഞശേഷമുള്ള നടപടി നിയമപരമല്ലെന്ന് ജസ്റ്റിസ് പി.ജി. അജിത്കുമാർ വിലയിരുത്തി. എന്നാൽ സ്വത്ത് വീണ്ടും ജപ്തി ചെയ്യാനുള്ള നടപടിക്ക് തടസമില്ലെന്നും വ്യക്തമാക്കി. ജപ്തി നടപടി നിയമപരമല്ലെന്ന് ആരോപിച്ച് ഹൈറിച്ച് ഓൺലൈൻ ഷോപ്പിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
പരാതികളെത്തുടർന്ന് ചേർപ്പ് പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബഡ്‌സ് ആക്ട് പ്രകാരം സ്വത്ത് താത്കാലികമായി ജപ്തിചെയ്തത്. ഇത് സ്ഥിരപ്പെടുത്താൻ 30 ദിവസത്തിനുള്ളിൽ പ്രത്യേക കോടതിയിൽ അപേക്ഷ നല്കണം. അതിന് കഴിഞ്ഞില്ലെങ്കിൽ 60 ദിവസത്തിനകമെങ്കിലും നൽകണമെങ്കിലും അതുമുണ്ടായില്ല. എന്നാൽ
സമയപരിധിയിൽ ഇളവ് നൽകി പ്രത്യേകകോടതി സ്വത്ത് ജപ്തിചെയ്തത് സ്ഥിരപ്പെടുത്തി. ഇതിനെയാണ് ഹർജിക്കാർ ചോദ്യം ചെയ്തത്.
കഴിഞ്ഞ വർഷമാണ് ബഡ്‌സ് ആക്ട് പ്രകാരമുള്ള അതോറിറ്റിയായ ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഹൈറിച്ചിന്റെ സ്വത്ത് ജപ്തി ചെയ്തത്.

Advertisement
Advertisement