കരിപ്പൂർ വിമാനത്താവളത്തിൽ ബോംബ് ഭീഷണി, ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെയെത്തി പരിശോധന നടത്തി

Saturday 22 June 2024 10:54 AM IST

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിനായിരുന്നു ഭീഷണി. ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ഇന്ന് രാവിലെയായിരുന്നു സംഭവം. യാത്രക്കാർ കയറുന്ന സമയത്താണ് വിമാനത്തിനകത്ത് നിന്ന് ബോംബ് ഭീഷണി അടങ്ങിയ ഒരു കുറിപ്പ് കണ്ടെത്തുന്നത്. തുടർന്ന് യാത്രക്കാരെ തിരിച്ചിറക്കുകയും ബോംബ് സ്‌ക്വാഡ് ഉൾപ്പെടെയുള്ളവർ പരിശോധന നടത്തുകയും ചെയ്‌തു. എന്നാൽ, യാതൊന്നും കണ്ടെത്താനായില്ല. തുടർന്ന് യാത്രക്കാരെ തിരിച്ച് വിമാനത്തിൽ കയറ്റുകയും ചെയ്‌തു.


വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി; 13കാരൻ കസ്റ്റഡിയിൽ

വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വ്യാജ ഇ-മെയിൽ സന്ദേശമയച്ച 13കാരൻ കസ്റ്റഡിയിൽ. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ കുട്ടിയാണ് പിടിയിലായത്.

ഡൽഹി - ടൊറന്റോ എയർ കാനഡ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ജൂൺ നാലിന് വൈകിട്ട് 10.50നാണ് സന്ദേശം ലഭിക്കുന്നത്. തുടർന്ന് വിമാനം 12 മണിക്കൂറോളം വൈകി. അന്വേഷണത്തിൽ ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ കുട്ടിയാണ് സന്ദേശം അയച്ചതെന്ന് കണ്ടെത്തി. തമാശയ്ക്കാണ് ചെയ്തതെന്നും തന്നെ കണ്ടുപിടിക്കാൻ ഉദ്യോഗസ്ഥർക്കാകുമോയെന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യമെന്നും കുട്ടി പൊലീസിനോട് പറഞ്ഞു.

പുതിയ ഒരു മെയിൽ ഐഡി നിർമ്മിച്ച ശേഷം അമ്മയുടെ വൈഫൈ കണക്ഷൻ ഉപയോഗിച്ച് ഫോണിൽ നിന്ന് സന്ദേശം അയക്കുകയായിരുന്നു. അയച്ചശേഷം ഉടൻ ഇ-മെയിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. പിറ്റേന്ന് രാവിലെ സംഭവം വലിയ വാർത്തയായത് അറിഞ്ഞെങ്കിലും ഭയം കാരണം മാതാപിതാക്കളോട് പറഞ്ഞില്ല. ബോംബ് ഭീഷണി വാർത്തകൾ കണ്ടാണ് ഇങ്ങനെ ചെയ്യാൻ തോന്നിയതെന്നും കുട്ടി പറഞ്ഞു. കുട്ടിയെ കൗൺസിലിംഗിന് വിധേയനാക്കിയെന്ന് അധികൃതർ അറിയിച്ചു.

Advertisement
Advertisement