പാക് ക്യാപ്റ്റൻ ഒത്തുകളിച്ചോ? നാണം കെട്ട പരാജയത്തിന് പിന്നാലെ ലഭിച്ചത് എട്ട് കോടിയുടെ കാർ

Saturday 22 June 2024 10:56 AM IST

ഇസ്ലാമാബാദ്: ടി 20 ലോകകപ്പിൽ പുറത്തായതിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ ബാബർ അസമിനെതിരെ ഒത്തുകളി ആരോപണവുമായി മുതിർന്ന മാദ്ധ്യമപ്രവർത്തകൻ. ബാബറിന്റെ കൈവശമുള്ള എട്ട് കോടിയുടെ ഔഡി ഇ ട്രൺ ജി ടി കാർ വാതുവയ്‌പിനുള്ള പ്രതിഫലമായി ലഭിച്ചതാണോയെന്ന് തനിക്ക് സംശയമുണ്ടെന്നാണ് പാക് മുതിർന്ന മാദ്ധ്യമപ്രവർത്തകനായ മുബഷിർ ലുഖ്മാന്റെ ആരോപണം.


ബാബർ അസമിന് ആഡംബര കാർ കിട്ടിയതിനെപ്പറ്റി അന്വേഷിക്കണമെന്നും മാദ്ധ്യമപ്രവർത്തകൻ ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദീകരണവുമായി ബാബർ രംഗത്തെത്തിയിട്ടുണ്ട്. തന്റെ സഹോദരൻ സമ്മാനമായി തന്ന കാറാണിതെന്നാണ് പാക് നായകന്റെ വിശദീകരണം.

ഇത്രയും വിലപിടിപ്പുള്ള കാർ സമ്മാനമായി നൽകാനുള്ള സാമ്പത്തിക സ്ഥിതി ബാബറിന്റെ സഹോദരനില്ലെന്ന് ലുഖ്മാൻ പ്രതികരിച്ചു. 'അടുത്തിടെ ബാബറിന് ഒരു ഔഡി കാർ ലഭിച്ചിട്ടുണ്ട്. തന്റെ സഹോദരന്റെ സമ്മാനമാണിതെന്നാണ് ബാബർ പറയുന്നത്. എട്ട് കോടിയോളം വിലയുള്ള കാർ സമ്മാനമായി നൽകാൻ മാത്രം എന്താണ് ബാബറിന്റെ സഹോദരൻ ചെയ്യുന്നത്. ഇക്കാര്യത്തെപ്പറ്റി ഞാൻ അന്വേഷിച്ചിരുന്നു. അയാൾക്ക് അത്ര വലിയ സാമ്പത്തിക സ്ഥിതി ഇല്ലെന്നാണ് ഞാൻ അന്വേഷിച്ചപ്പോൾ മനസിലായത്. '- എന്നാണ് അദ്ദേഹം വീഡിയോയിൽ പറയുന്നത്.

എക്‌സിലൂടെയാണ് മാദ്ധ്യമപ്രവർത്തകൻ രംഗത്തെത്തിയത്. വീഡിയോയ്‌ക്ക് താഴെ നിരവധി പേരാണ് സമാന അഭിപ്രായം രേഖപ്പെടുത്തിയത്. ലോകകപ്പിൽ സൂപ്പർ 8 കാണാതെ അത്രത്തോളം നാണം കെട്ടാണ് പാകിസ്ഥാൻ പുറത്തായത്.

Advertisement
Advertisement