തയ്യാറല്ലെങ്കിൽ രണ്ടുവരി പറഞ്ഞുനിറുത്താം, കുട്ടികൾ യെസ് പറഞ്ഞപ്പോൾ കുടയുമായി നിന്ന പൊലീസുകാരനെ മടക്കി അയച്ചു

Saturday 22 June 2024 12:15 PM IST

തിരുവനന്തപുരം: മഴ നനയാന്‍ നിങ്ങള്‍ തയ്യാറാണോ? അല്ലെങ്കില്‍ രണ്ട് വരി പറഞ്ഞ് നിര്‍ത്താം. പ്രസംഗം പ്രിന്റ് ഔട്ട് എടുത്ത് തരാന്‍ പറയാമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ചോദ്യം. പിന്നാലെ ഒറ്റ സ്വരത്തില്‍ 'മഴ നനയാം' എന്ന് മറുപടി നല്‍കി കുട്ടികള്‍. പിന്നാലെ സുരേഷ് ഗോപി കുടയുമായി നിന്ന സുരക്ഷാ ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ മടക്കി അയച്ച് കുട്ടികളൊടൊപ്പം കൂടി. കോവളം ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ നടന്ന യോഗാദിനാചരണത്തിലാണ് മഴ നനഞ്ഞു നിന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി കൂടിയായ സുരേഷ് ഗോപി കുട്ടികള്‍ക്കൊപ്പം ചേര്‍ന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി.

ഭാരതീയ പൈതൃകത്തിൽ നിന്ന് ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനയാണ് യോ​​ഗയെന്ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. കേവലമൊരു വ്യായമമുറ എന്നതിന് പുറമേ മനസ്സിനും ശരീരത്തിനും ആത്മാവിനുമിടയിൽ ഐക്യം വളർത്തിയെടുക്കുന്ന, സമഗ്രമായ ക്ഷേമത്തിലേക്കുള്ള ഒരു യാത്രയാണിതെന്നും അദ്ദേഹം എഴുതി.

അന്താരാഷ്‌ട്ര യോ​ഗാ ദിനത്തിൽ യോഗയുടെ പരിവർത്തന ശക്തിയെ ഉൾക്കൊള്ളാം. പരിചയ സമ്പന്നനായ പരിശീലകനോ കൗതുകമുള്ള തുടക്കക്കാരനോ ആകട്ടെ, ആഴത്തിൽ ശ്വാസമെടുത്ത് മനസിനെ ശാന്തമാക്കാമെന്നും സുരേഷ് ​ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

രാജ്യത്ത് കൂടുതൽ വരുമാനമുണ്ടാക്കുന്ന പദ്ധതിയാണ് യോഗ

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കോവളം ആർട്സ് ആൻഡ് ക്രാഫ്ട് വില്ലേജിൽ നടത്തിയ സമൂഹ യോഗ പരിപാടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. വെൽനസ് ടൂറിസത്തിന് രാജ്യത്ത് കൂടുതൽ വരുമാനമുണ്ടാക്കുന്ന പദ്ധതിയാണ് യോഗയെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇത് പ്രയോജനപ്പെടുത്താൻ റിസോർട്ടുകൾ,സ്പാകൾ,ഹോട്ടലുകൾ,മറ്റ് ചെറുകിട ബിസിനസുകൾ എന്നിവ മുന്നോട്ട് വരണമെന്നും കേന്ദ്രസർക്കാർ അതിന് സഹായവും സഹകരണവും ഉറപ്പാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര ടൂറിസം മന്ത്രാലയമാണ് പരിപാടി സംഘടിപ്പിച്ചത്.

ടൂറിസം മന്ത്രാലയം ദക്ഷിണ മേഖലാ ഡയറക്ടർ ജി.വെങ്കടേശൻ,പ്രസ് ഇൻഫർമേഷൻ ബ്യൂറോ,സെൻട്രൽ ബ്യൂറോ ഒഫ് കമ്യൂണിക്കേഷൻ കേരള ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി.പളനിച്ചാമി, കോവളം ഐ.എച്ച്.എം.സി.ടി പ്രിൻസിപ്പൽ കെ.രാജശേഖർ,യു.ഡി.എസ് ഹോട്ടൽ സി.ഇ.ഒ രാജശേഖർ അയ്യർ,കേരള ആർട്സ് ആൻഡ് ക്രാഫ്ട് വില്ലേജ് സി.ഇ.ഒ പ്രസാദ്,കേരള ആർട്സ് ആൻഡ് ക്രാഫ്ട് വില്ലേജിന്റെ ബിസിനസ് ഡെവലപ്മെന്റ് മാനേജർ സതീഷ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement