അടുക്കളയിൽ വയ്ക്കുന്ന സാമ്പാറിൽ കഷ്ണങ്ങൾ കുറയും: രണ്ടാഴ്ച കൂടി തുടർന്നേക്കും

Saturday 22 June 2024 1:32 PM IST

പാലക്കാട്: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ബീൻസ്, പാവയ്ക്ക, ഇഞ്ചി തുടങ്ങിയവയുടെ വില 100 കടന്നും മുന്നോട്ട്. 35 രൂപയുണ്ടായിരുന്ന തക്കാളിയുടെ വില 80ലെത്തി. വരും ദിവസങ്ങളിലും വിലവർദ്ധനവ് തുടരുമെന്നാണ് വിപണി നൽകുന്ന സൂചന. മത്സ്യത്തിനും മാംസത്തിനും വില കൂടിയതിന് പിന്നാലെ പച്ചക്കറിക്കും കുത്തനെ വില ഉയർന്നത് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിനെ താളംതെറ്റിച്ചിട്ടുണ്ട്.

പച്ചക്കറികൾക്ക് രണ്ടാഴ്ച മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടിയിലധികമാണ് ഇപ്പോഴത്തെ വില. രണ്ട് ആഴ്ച കൂടി വിലക്കയറ്റം ഉണ്ടാകും എന്ന വിലയിരുത്തലിലാണ് ഹോർട്ടിക്കോർപ്പും സർക്കാരും. ഉള്ളിയും ബീൻസ് അടക്കം പച്ചക്കറികൾക്ക് 10 മുതൽ 25 രൂപ വരെ വില ഉയർന്നിട്ടുണ്ട്. വലിയ ഉള്ളി കിലോയ്ക്ക് 50, ചെറിയ ഉള്ളി കിലോയ്ക്ക് 80, രണ്ടാഴ്ച മുമ്പ് പടവലം 15 രൂപയായിരുന്നു വില, ഇപ്പോഴത് 25 രൂപയായി ഉയർന്നു. 25 രൂപ വിലയുണ്ടായിരുന്ന വഴുതന 40 രൂപയിലേക്കെത്തി. 40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്. 25 രൂപ വിലയുണ്ടായിരുന്ന വെണ്ട 45 രൂപയിലെത്തി. 30 രൂപ വിലയുള്ള പയർ 80 രൂപ വരെയെത്തി.

പച്ചക്കറിയുടെ വരവ് കുറഞ്ഞു

അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് നിലവിലെ വിലക്കയറ്റത്തിന് കാരണം. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള പച്ചക്കറിയുടെ വരവ് ഗണ്യമായി കുറഞ്ഞു. കാലവർഷം എത്തിയതോടെ പ്രാദേശകമായ ഉത്പാദനം കുറഞ്ഞതും തിരിച്ചടിയായി.

പലവ്യഞ്ജന വിലയും ഉയർന്നു

പച്ചക്കറിക്കൊപ്പം പലവ്യഞ്ജനങ്ങളുടെയും ധാന്യങ്ങളുടെയും വിലയും കുതിക്കുകയാണ്. തുവരപരിപ്പ് കിലോയ്ക്ക് 170 -190 രൂപ വരെ വിലയുണ്ട്, ചെറുപയർ 150, വൻപയർ 110, ഉഴുന്ന് പരിപ്പ് 150, ഗ്രീൻപീസ് 110, കടല 125 എന്നിങ്ങനെയാണ് നിലവിലെ വിലനിലവാരം. ട്രോളിംഗ് നിരോധനം കാരണം മത്സ്യത്തിനും പൊള്ളുന്ന വിലയാണ്. മത്തിക്ക് പ്രാദേശിക വിപണിയിൽ വില 400 പിന്നിട്ടു. ട്രോളിംഗ് നിരോധനം അവസാനിക്കും വരെ തീ വില തുടരും. മീൻക്ഷാമം കാരണം വിപണിയിലേക്ക് വരവ് കുറഞ്ഞതിനാൽ ഉണക്കമീൻ വിലയും ഉയരുകയാണ്.

Advertisement
Advertisement