ക്രിമിനലുകളെ പുറത്തിറക്കി അടുത്ത വേട്ടയാടലിനുള്ള നീക്കം: കെ.കെ.രമ
ഒരിടവേളയ്ക്ക് ശേഷം ടി.പി. ചന്ദ്രശേഖരൻ വധക്കേസ് വീണ്ടും വിവാദമാവുകയാണ്. സ്വാതന്ത്ര്യദിനത്തിൽ ജയിലിൽ നല്ലനടപ്പിന് വിധേയരായ തടവുകാരെ പുറത്തിറക്കുന്ന കൂട്ടത്തിലേക്ക് ടി.പി വധക്കേസിലെ മൂന്ന് പ്രധാനപ്രതികളുടെ പേരുതിരുകിക്കയറ്റിയതാണ് പുതിയ വിവാദങ്ങൾക്ക് കാരണം. ജയിൽ ചട്ടങ്ങളെ മറികടന്ന് നിയമത്തിന് മുകളിൽ പറക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചപ്പോൾ കേരളം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതികരിച്ചു. വിവാദത്തിൽ ടി.പിയുടെ വിധവയും എം.എൽ.എയുമായ കെ.കെ.രമ കേരളകൗമുദിയോട് പ്രതികരിക്കുന്നു.
2012 മേയ് നാലിന് രാത്രി 10 മണിക്കാണ് വടകരക്കടുത്തു വള്ളിക്കാട് വച്ച് ഇന്നോവ കാറിൽ പിന്തുടർന്നെത്തിയ കൊലയാളി സംഘം സി.പി.എം വിട്ട് ആർ.എം.പി രൂപീകരിച്ച ടി.പി. ചന്ദ്രശേഖരനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
ഹൈക്കോടതിയുടെ നിർദ്ദേശത്തെപ്പോലും മറികടക്കുകയാണല്ലോ സർക്കാർ?
കടുത്ത നിയമലംഘനമാണ് നടക്കുന്നത്. നാലുമാസംമുമ്പ് ഇരട്ട ജീവപര്യന്തം വിധിക്കുകയും ഒരു കാരണവശാലും ജാമ്യംപോലും നൽകരുതെന്നും ദാക്ഷിണ്യംകാട്ടരുതെന്നും കോടതി നിർദ്ദേശിച്ചവരുടെ കൂട്ടത്തിലുള്ളവരാണ് ടി.കെ. രജീഷും മുഹമ്മദ് ഷാഫിയും,അണ്ണൻ സിജിത്തും. കൊടും ക്രിമനലുകൾ. അവരെയാണ് പുറത്തിറക്കാൻ ശ്രമിക്കുന്നത്.
സ്വാഭാവികമായും സ്വതന്ത്ര്യ ദിനങ്ങളിൽ തടവുകാർക്ക് മോചനം പതിവുള്ളതല്ലേ?
അത് ജയിലിൽ നല്ലനടപ്പ് കണ്ടെത്തിയവരെയാണ്. അല്ലാതെ ഇവരെപ്പോലെ കൊടും ക്രിമിനലുകളേയല്ല. അവരുടെ ലിസ്റ്റിലേക്ക് ഇവരെക്കൂടി തിരുകിക്കയറ്റുകയായിരുന്നു. എന്ത് നല്ലനടപ്പാണ് ഈ പ്രതികൾ നടത്തിയത്. ജയിലിൽ എത്രതവണ സംഘർഷങ്ങളുണ്ടാക്കി. അനധികൃതമായി പരോൾ നൽകിയ കാലത്തും ഇവരാരെങ്കിലും വെറുതേയിരുന്നിട്ടുണ്ടോ.
ഇത്തരമൊരു നീക്കത്തിന് പിന്നിൽ ആരാണ്?
സംശയമെന്താണ് മുഖ്യമന്ത്രി പിണറായി വിജയനും അവരുടെ പാർട്ടിയും. വലിയ ഗൂഢാലോചന ഇതിന് പിന്നിൽ നടന്നിട്ടുണ്ട്. കണ്ണൂരിലെ പാർട്ടിയും ആഭ്യന്തരമന്ത്രിയുടെ ചുമതലകൂടിയുള്ള മുഖ്യമന്ത്രിയും ഇതിൽ പങ്കാളികളാണ്. ആയിരത്തി ഇരുനൂറോളം സാക്ഷികളുള്ള കേസാണിത്. ഇവർ പുറത്തിറങ്ങിയാൽ എന്തും സംഭവിക്കാം. സാക്ഷികളുടെ സുരക്ഷ ആര് ഉറപ്പ് വരുത്തും? ഇത്രവിവാദമായ കേസ്‌തൊടാൻ ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശമില്ലാതെ ഒരു ഡി.ജി.പി പ്രവർത്തിക്കുമോ. തിരഞ്ഞെടുപ്പിനേറ്റ തോൽവി പരിശോധിക്കലൊന്നുമല്ല അവർക്ക് വേണ്ടത്. ക്രിമനലുകളെ പുറത്തിറക്കി അടുത്ത വേട്ടയാണ്.
എന്താണ് ഭാവി പരിപാടി?
നിയമപരമായും രാഷ്ട്രീയപരമായും നേരിടും. ഹൈക്കോടതിയെ സമീപിക്കും. അടുത്ത ദിവസം തന്നെ ഗവർണറേയും കാണും. ടി.പി. കേസിലെ ഒരു പ്രതിയും വെളിച്ചം കാണാത്തവിധം ഇടപെടലുണ്ടാവുന്നത് വരെ പോരാട്ടം തുടരും.