സൈക്കിൾ മോഷ്ടിച്ചു വിറ്റ പ്രതിയെ നാട്ടുകാർ കുടുക്കി, മന്ത്രി സമ്മാനിച്ച സൈക്കിൾ അവന്തികയ്‌ക്ക് തിരിച്ചുകിട്ടി

Sunday 23 June 2024 4:38 AM IST

കൊച്ചി: അവന്തികയ്ക്ക് മന്ത്രി വി.ശിവൻകുട്ടി സമ്മാനിച്ച പുത്തൻ സൈക്കിൾ മോഷ്ടിച്ചയാൾ പിടിയിലായി. നാട്ടുകാരുടെ ഇടപെടലാണ് രണ്ടാമത് നഷ്ടപ്പെട്ട സൈക്കിൾ തിരിച്ചുകിട്ടാനിടയാക്കിയത്. മോഷണംപോയ ആദ്യ സൈക്കിൾ കണ്ടുപിടിച്ചുതരണമെന്ന് ആവശ്യപ്പെട്ട് ഇ-മെയിൽ അയച്ച പാലാരിവട്ടം സ്വദേശിനി അവന്തികയ്ക്ക് കഴിഞ്ഞ പ്രവേശനോത്സവദിനത്തിലാണ് മന്ത്രി പുത്തൻ സൈക്കിൾ സമ്മാനിച്ചത്.

വെള്ളിയാഴ്ച പുലർച്ചെ നാലരയോടെയണ് പുതിയ സൈക്കിൾ ആലപ്പുഴ ആറാട്ടുവഴി പി.എച്ച്. വാർഡ് തൈപ്പറമ്പിൽ വീട്ടിൽ ഷാജി (59) മോഷ്ടിച്ചത്. നാട്ടുകാർ ഒരുക്കിയ കെണിയിൽ ഇന്നലെ രാവിലെ ഇയാൾ അകപ്പെട്ടു. മഴക്കോട്ട് ധരിച്ചെത്തിയ കള്ളനാണ് താഴുതകർത്ത് സൈക്കിളുമായി കടന്നതെന്ന് സി.സി.ടി.വി ദൃശ്യത്തിൽ നിന്ന് വ്യക്തമായിരുന്നു. ദൃശ്യങ്ങൾ പാലാരിവട്ടത്തെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് കൈമാറി. അവന്തികയും പിതാവ് ഗിരീഷും പാലാരിവട്ടം സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് അന്വേഷണം ഒരുവശത്ത് പുരോഗമിക്കെ, കള്ളനെ പിടികൂടാൻ നാട്ടുകാരും രംഗത്തിറങ്ങി.

പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷ്ടാവ് രാത്രി വട്ടത്തിപ്പാലം ഭാഗത്ത് സ്വന്തം സൈക്കിളിൽ എത്തുന്നതും അത് അവിടെ ഒതുക്കിവച്ചശേഷം നടന്നുനീങ്ങുന്നതും കണ്ടെത്തി. അവന്തികയുടെ വീട്ടിൽ നിന്ന് അഞ്ഞൂറു മീറ്റർ മാത്രം അകലെയാണ് ഈ സ്ഥലം. ഈ സൈക്കിൾ തിരിച്ചെടുക്കാൻ കള്ളൻ എത്തുന്നതുംകാത്ത് രണ്ടു കാറുകളിലായി നാട്ടുകാർ നിലയുറപ്പിച്ചു. ശനിയാഴ്ച രാവിലെ ആറുവരെ കാത്തെങ്കിലും കള്ളൻ വന്നില്ല. ഏതാനുംപേർ നിരീക്ഷണം തുടർന്നു. കുറച്ചുകഴിഞ്ഞ് പ്രതി സൈക്കിൾ എടുക്കാനെത്തി. കൈയോടെ പിടികൂടിയ പ്രതിയെ നാട്ടുകാർ പൊലീസിന് കൈമാറി. പൊലീസ് ചോദ്യം ചെയ്തതോടെ മോഷ്ടിച്ച സൈക്കിൾ വിറ്റവിവരം പ്രതിയായ ഷാജി വെളിപ്പെടുത്തുകയായിരുന്നു.

കള്ളന്റെ കഥ

ആക്രിപെറുക്കി കഴിയുന്നയാളാണ് ഷാജി. തക്കം കിട്ടിയാൽ ഇരുമ്പ് ഉരുപ്പടികളും മോഷ്ടിക്കും. അവന്തികയ്ക്ക് മന്ത്രി നൽകിയ സൈക്കിൾ ഷാജി ഫോർട്ടുകൊച്ചി സ്വദേശിക്ക് 1500 രൂപയ്ക്ക് വിറ്റിരുന്നു. പൊലീസ് ബന്ധപ്പെട്ടതോടെ ഇയാൾ സൈക്കിൾ പാലാരിവട്ടം സ്റ്റേഷനിൽ എത്തിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.തുടർനടപടികൾ പൂർത്തിയാക്കി സൈക്കിൾ അവന്തികയ്ക്ക് കൈമാറുമെന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു. അവന്തികയുടെ ആദ്യ സൈക്കിൾ മോഷ്ടിച്ചത് ഷാജിയല്ലെന്നാണ് വിവരം.

Advertisement
Advertisement