നാടു നീളെ ' അനധികൃത' ഭൂമി തരം മാറ്റൽ പരസ്യം  കാണാതെ അധികൃതർ

Sunday 23 June 2024 12:02 AM IST
ഭൂമി തരം മാറ്റി നൽകാമെന്ന് പരസ്യവുമായി ഏജൻസികൾ

ചോറ്റാനിക്കര: 'ഭൂമി തരം മാറ്റാൻ നിയമ സഹായത്തിന് വിളിക്കൂ"... കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചു നാളുകളായി ഉയർന്ന ഫ്ലക്സ് ബോഡുകളിലെ വാക്കുകളാണിത്. ഡേറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടില്ലാത്ത 2008 നു മുമ്പ് നികത്തപ്പെട്ട നിലവിൽ തരിശുഭൂമിയായി കിടക്കുന്ന പ്രദേശങ്ങൾ രൂപമാറ്റം വരുത്തി കരഭൂമിയാക്കി മാറ്റാനുള്ള നിയമസഹായം നൽകാമെന്നാണ് പരസ്യം. എന്നാൽ പരസ്യത്തിന്റെ പിന്നിൽ ഭൂമി തരം മാറ്റൽ മാഫിയകളാണെന്നാണ് ആക്ഷേപം.

ഭൂമിയുടെ രൂപമാറ്റം വരുത്തുകയെന്നാൽ തണ്ണീർത്തടങ്ങൾ നികത്തി കരഭൂമിയാക്കി മാറ്റാൻ പാടില്ലെന്ന് ഹൈക്കോടതി വിധി. കൂടാതെ സ്ഥലം പരശോധിച്ചു ഏതുതരത്തിലാണ് ഭൂമിയാണെന്ന് രേഖപ്പെടുത്തേണ്ടത് വല്ലേജ് ഓഫീസറും കൃഷി ഓഫീസറുടെയും ഉത്തരവാദിത്വമാണ്. ഇവരെ സ്വാധീനിച്ച് കൃത്രിമമായി രേഖകൾ ഉണ്ടാക്കി നിലവിൽ നെൽകൃഷി ചെയ്യുന്നതും തണ്ണീർ തടങ്ങളുമായ പ്രദേശങ്ങളാണ് വലിയ തോതിൽ മണ്ണിട്ട് നികത്തുന്നത്.

സ്ഥലത്തിന്റെ കരമടച്ച് രസീതും ആധാരവുമായി കച്ചേരിപ്പടിയിലുള്ള ഓഫീസിലോ കോതമംഗലത്തുള്ള ഓഫീസിലോ എത്തിയാൽ ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകാമെന്നാണ് വാഗ്ദാനം. സർക്കാർ നിശ്ചയിച്ചിട്ടുള്ള ന്യായവില പ്രകാരം 10 ശതമാന തുക സെന്റിന് നൽകണം. കൂടാതെ മൊത്തം ഭൂമിയുടെ 9 ശതമാനം തണ്ണീർ തടങ്ങളായി നിലനിറുത്തണമെന്നും ബാക്കിയുള്ള ഭൂമി മാത്രമാണ് കരഭൂമിയാക്കി മാറ്റാൻ സാധിക്കുമെന്നുമാണ് ഏജൻസിയുടെ നിലപാട്. ആവശ്യമായ തുക അടച്ചാൽ 9 മാസത്തിനുള്ളിൽ കോടതി അനുമതിയോടുകൂടി ഭൂമി തരം മാറ്റി നൽകുമെന്നാണ് ഇവർ പറയുന്നത്. നിരവധി ഫ്ലക്സുകൾ ഫോൺ നമ്പർ സഹിതം നിരന്നിട്ടും അധികൃതർ കണ്ടമട്ടില്ല.

ഭൂമി തരം മാറ്റൽ

റവന്യു രേഖകളിൽ നിലം എന്ന് രേഖപ്പെടുത്തിയ ഭൂമി പുരയിടം എന്ന് തരം മാറ്റിയാലേ നിർമ്മാണം സാധ്യമാകൂ. കൃഷിയോഗ്യമായ ഭൂമിയുടെ വിവരങ്ങൾ ഡാറ്റാ ബാങ്കായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ ഭൂമി തരം മാറ്റുന്നതിന് മറ്റു തടസമില്ല. ആർ.ഡി.ഒക്ക് അപേക്ഷ നൽകി രേഖകളിൽ മാറ്റം വരുത്താം. ഡാറ്റാ ബാങ്കിലുണ്ടെങ്കിലും 2008ന് മുമ്പ് നികത്തിയ ഭൂമിയാണെങ്കിൽ തരംമാറ്റുന്നതിന് തടസമില്ല. തരം മാറ്റാൻ കൃഷി ഓഫീസറാണ് ഡേറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കാൻ ശുപാർശ ചെയ്യേണ്ടത്. ആർ.ഡി.ഒ റിപ്പോർട്ട് ഡേറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കി ഉത്തരവിറക്കും. ഡാറ്റാ ബാങ്കിൽ ഒഴിവാക്കിയാൽ വീണ്ടും ആർ.ഡി.ഒക്ക് അപേക്ഷ നൽകി തരംമാറ്റൽ നടത്താം. വിലേജ് ഓഫീസറുടെ റിപ്പോർട്ടിലാണ് നടപടിയുണ്ടാവുക. 25 സെന്റിൽ താഴെയാണെങ്കിൽ ഫീസ് നൽകേണ്ട ആവശ്യവുമില്ല.

Advertisement
Advertisement